ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലെത്തിയ പ്രേമലുവിലൂടെ മലയാള സിനിമയിലെ തന്റെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിച്ച നടനാണ് നസ്ലെന്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം നസ് ലെന്റെ കരിയര്‍ ഗ്രാഫും ഉയര്‍ത്തിയിരുന്നു. പ്രേമലുവിന്റെ രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രേമലുവിന് ശേഷം തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വന്ന ഓഫറുകളെ കുറിച്ചും അതെല്ലാം വേണ്ടെന്ന് വെക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നസ്ലെന്. പലതും അത്ര മികച്ച കഥാപാത്രങ്ങളായി തനിക്ക് തോന്നിയില്ലെന്നാണ് താരം പറയുന്നത്. മാത്രമല്ല ഭാഷ വലിയ പ്രശ്നമാണെന്നും നസ്ലെന് പറയുന്നു.
‘പ്രേമലുവിന് ശേഷം തെലുങ്കില്‍ നിന്നൊക്കെ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെലുങ്ക് അറിയണ്ടേ. ആ ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോള്‍ നമുക്ക് അതിന്റെ ഇമോഷന് കിട്ടില്ല.
എനിക്ക് ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന് ഫീല്‍ ചെയ്യണം. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും കോളുകള്‍ വരുന്നുണ്ട്. കൂട്ടുകാരന് കഥാപാത്രത്തിലേക്കാണ് കൂടുതലും കോള്‍ വരുന്നത്.
ഒരു ഗ്രൂപ്പ് പറഞ്ഞത് അമല്‍ ഡേവിസിനെ പോലെയുള്ള കഥാപാത്രമാണ് എന്നാണ്. ഞാന്‍ മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാമെന്ന തീരുമാനത്തിലാണ്. അത്രയും നല്ലതായ, അല്ലെങ്കില്‍ നമ്മളെ എക്സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രം വരികയാണെങ്കില്‍ ചെയ്യാം,’ നസ്ലെന് പറഞ്ഞു.
ഏറെ നാളിന് ശേഷം മലയാളത്തില്‍ എത്തിയ മികച്ച റോം-കോം എന്റര്‍ടൈനറായിരുന്നു പ്രേമലു. ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാവാന്‍ പ്രേമലുവിന് സാധിച്ചു. പ്രമേലു എന്ന ചിത്രം മലയാളത്തില്‍ മാത്രമല്ല തെലുങ്ക് ബോക്സ് ഓഫീസിലും മികച്ച അഭിപ്രായങ്ങളായിരുന്നു സ്വന്തമാക്കിയത്.
അടുത്തിടെ നടി മമിതയും തനിക്ക് വന്ന ചില സിനിമാ ഓഫറുകളെ കുറിച്ച് പറഞ്ഞിരുന്നു. തന്നേയും നസ്ലനേയും പെയര്‍ ആക്കിയുള്ള ചില ഓഫറുകള്‍ വന്നെന്നും പ്രേമലുവിന്റെ രണ്ടാം ഭാഗം ഇറങ്ങാനുള്ളതുകൊണ്ട് തന്നെ ആ ഓഫറുകളൊന്നും സ്വീകരിച്ചില്ലെന്നുമായിരുന്നു താരം പറഞ്ഞത്.
Content Highlight: Actor Naslen About Telungu Tamil Offers