മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമായി മികച്ച സിനിമകളുടെ ഭാഗമാകുകയാണ് ഫഹദ് ഫാസില്‍. രജനീകാന്ത് നായകനായ വേട്ടയ്യനാണ് ഫഹദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
മാമന്നനും വിക്രവും ഉള്‍പ്പെടെ തമിഴില്‍ ഫഹദ് ചെയ്ത മിക്ക വേഷങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. രജ്‌നീകാന്തിനൊപ്പമിറങ്ങുന്ന വേട്ടയ്യനിലേതും ഒരു കിടിലന്‍ കഥാപാത്രമാകുമെന്നതില്‍ ആരാധകര്‍ക്ക് സംശയമില്ല.
രജ്‌നീകാന്തിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഫഹദ്. രജിനികാന്തിനെ കണ്ടപ്പോള്‍ അദ്ദേഹത്തോട് തന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്ന് ഫഹദ് പറയുന്നു. തന്റെ രണ്ട് സിനിമകള്‍ കണ്ടിട്ടുണ്ടെന്നായിരുന്നു മറുപടിയെന്നും ഫഹദ് പറയുന്നു.
‘രജ്‌നി സാറിനെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് എന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ എനിക്ക് നിങ്ങളെ അറിയാം. അതിനായി ഏതെങ്കിലും സിനിമ കാണേണ്ട ആവശ്യം ഇല്ലെന്ന് സാര്‍ പറഞ്ഞു.
രജ്‌നി സാര്‍ എന്റെ വിക്രവും മാമന്നനും കണ്ടിട്ടുണ്ട്. വേറെ സിനിമകളൊന്നും കണ്ടിട്ടില്ല. പിന്നെ ഒരുപക്ഷെ എന്നെ കുറിച്ച് കേട്ടുകാണാം. എന്നെ സംബന്ധിച്ച് അവരെയൊക്കെ കാണാന്‍ കഴിഞ്ഞതും മറ്റും ഒരുപാട് സന്തോഷമുള്ള കാര്യമാണ്,’ ഫഹദ് ഫാസില്‍ പറഞ്ഞു.
അതുപോലെ നടന്‍ മമ്മൂട്ടിയുമായുള്ള തന്റെ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ‘ഞാന്‍ ആദ്യമായി മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഡയമണ്ട് നെക്ലെയ്സും അന്നയും റസൂലും ഒക്കെ ചെയ്ത് കഴിഞ്ഞ ശേഷമായിരുന്നു.
അദ്ദേഹത്തിന് എന്റെ ആ സമയത്ത് ഈ സിനിമകളെ കുറിച്ച് അറിയണമായിരുന്നു. ഈ പടങ്ങളെ കുറിച്ചൊക്കെ ഞങ്ങള്‍ ഡിസ്‌കസ് ചെയ്തിരുന്നു. അതുപോലെ കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് സീ യൂ സൂണ്‍ ഒക്കെ ചെയ്ത് കഴിഞ്ഞ ശേഷമാണ്,’ ഫഹദ് പറഞ്ഞു.
Content Highlight: Fahadh Faasil About Rajnikanth