പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്തത് കരിയര്‍ ഗ്രോത്തിന് വേണ്ടിയാണെന്നും അല്ലാതെ അതിന് ജാതിയും മതവുമായി ബന്ധമില്ലെന്നും നടി മഹിമ നമ്പ്യാര്‍.
ഗോപിക എന്നാണ് തന്റെ യഥാര്‍ത്ഥ പേരെന്നും ആദ്യത്തെ തമിഴ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ അതിന്റെ സംവിധായകനാണ് മഹിമ എന്ന പേര് നല്‍കിയതെന്നും താരം പറയുന്നു.
കാര്യസ്ഥന്‍ എന്ന സിനിമയിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച മഹിമാ നമ്പ്യാര്‍ ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേശിലും നായികയായെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
‘എന്റെ ശരിക്കുമുള്ള പേര് ഗോപിക എന്നാണ്. ആദ്യ സിനിമയായ കാര്യസ്ഥനില്‍ അഭിനയിച്ചപ്പോള്‍ ഗോപിക എന്ന പേരില്‍ തന്നെയാണ് അഭിനയിച്ചത്.
പിന്നീട് ഞാന്‍ തമിഴിലേക്ക് എത്തിയപ്പോളാണ് പേര് മാറ്റേണ്ടി വന്നത്. പ്രഭു സോളമന്‍ സംവിധാനം ചെയ്ത സാട്ടൈ ആയിരുന്നു ആദ്യ സിനിമ. അതിന്റെ ഓഡിഷന് പങ്കെടുത്ത ശേഷം എന്നെ അവര്‍ സെലക്ട് ചെയ്തു.
അതിന് ശേഷം അവര്‍ സിനിമയുടെ കാസ്റ്റ് ലിസ്റ്റില്‍ കൊടുത്തത് മഹിമ എന്ന പേരായിരുന്നു. എന്റെ ഫോട്ടോയും ആ പേരിന്റെ കൂടെ കണ്ടു. സിനിമയില്‍ സെലക്ടായ വിവരം പോലും ഞാന്‍ അറിയുന്നത് അപ്പോഴാണ്.
അവര്‍ എന്നെ സെലക്ട് ചെയ്തെന്നും എനിക്ക് പുതിയ പേര് ഇട്ടെന്നും അപ്പോഴാണ് ഞാന്‍ അറിഞ്ഞത്. അതു കഴിഞ്ഞ് ന്യൂമറോളജി നോക്കിയപ്പോള്‍ പേരിന്റെ കൂടെ വാലുണ്ടെങ്കില്‍ കരിയറില്‍ ഗ്രോത്ത് ഉണ്ടാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് മഹിമാ നമ്പ്യാര്‍ എന്നാക്കിയത്. അല്ലാതെ ജാതിയും മതവുമായി ഇതിന് ബന്ധമില്ല,’ മഹിമ പറഞ്ഞു.
Content Highlight: Actress Mahima Nambiar about Her Name