ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബോഗെയ്ന്‍വില്ല. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് ഇത്.
നടി ശ്രിന്ദ രണ്ടാം തവണയാണ് ഒരു അമല്‍ നീരദ് ചിത്രത്തിന്റെ ഭാഗമാകുന്നത്. മുമ്പ് ഭീഷ്മ പര്‍വത്തില്‍ നടി അഭിനയിച്ചിരുന്നു. ഇപ്പോള്‍ ബോഗെയ്ന്‍വില്ലയെ കുറിച്ചും സംവിധായകന്‍ അമല്‍ നീരദിനെ കുറിച്ചും പറയുകയാണ് ശ്രിന്ദ. ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘നമ്മള്‍ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് അമലേട്ടന് അത്രയും ക്ലാരിറ്റിയുള്ളത് കൊണ്ട് നമുക്ക് കുറച്ചുകൂടെ എളുപ്പമാണ്. ഞാന്‍ വളരെ ക്ലീന്‍ മൈന്‍ഡുമായിട്ടായിരുന്നു സെറ്റിലേക്ക് പോയത്. അതില്‍ കൂടുതലായി എന്റെ മനസില്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ സ്‌ക്രിപ്റ്റ് വായിച്ചിരുന്നു. ഈ സിനിമയെ കുറിച്ച് പറയുമ്പോള്‍, ഞാന്‍ ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ മുതല്‍ വളരെ എക്‌സൈറ്റഡായിരുന്നത് ഷൂട്ടിങ് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ വേണ്ടിയായിരുന്നു.
പ്രത്യേകിച്ചും അമലേട്ടനുമായി ഇത്ര അടുത്ത് വര്‍ക്ക് ചെയ്യാന്‍ പറ്റിയ ഒരു അവസരമായിരുന്നു ഈ സിനിമ. ഭീഷ്മ പര്‍വത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്ര അടുത്ത് നിന്നിട്ട് അദ്ദേഹത്തിന്റെ ഫിലിം മേക്കിങ് കാണാനുള്ള അവസരം ഉണ്ടായിരുന്നില്ല. സ്‌ക്രിപ്റ്റ് വായിച്ചിട്ടുള്ള ഒരു ധാരണ ആദ്യം ഉണ്ടായിരുന്നു. അത്രയും ക്ലാരിറ്റിയിലാണ് അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റുണ്ടായിരുന്നത്.
എങ്കിലും നമ്മള്‍ കണ്‍സീവ് ചെയ്യുന്ന കാര്യങ്ങള്‍ നമ്മള്‍ കാണുന്നതിനേക്കാള്‍ ലാര്‍ജര്‍ പിക്ചറിലാകും അമലേട്ടന്‍ കാണുക. അപ്പോള്‍ നമ്മള്‍ കൂടുതല്‍ ചിന്തിക്കാതിരിക്കുക എന്നത് മാത്രമാണ് ചെയ്യേണ്ടത്. ഞാന്‍ എപ്പോഴും സംവിധായകന്‍ പറയുന്നത് ഫോളോ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ബോഗെയ്ന്‍വില്ലയിലും അങ്ങനെ തന്നെയായിരുന്നു. അതേസമയം അമലേട്ടന്‍ നമ്മള്‍ക്ക് പറയാനുള്ളതും കൂടെ കേള്‍ക്കാറുണ്ട്. നമ്മളുടെ അഭിപ്രായങ്ങള്‍ അദ്ദേഹം ചോദിക്കാറുണ്ട്. ആ സമയത്ത് അമലേട്ടന് അങ്ങനെ ചോദിക്കേണ്ട ആവശ്യമുണ്ടോയെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്,’ ശ്രിന്ദ പറയുന്നു.
Content Highlight: Srinda Talks About Amal Neerad