തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയായിരുന്നു ഐശ്വര്യ. കന്നഡയിലും മലയാളത്തിലും സാന്നിധ്യമറിയിച്ച ഐശ്വര്യ വളരെ പെട്ടെന്ന് മുന്‍നിരയിലേക്ക് നടന്നുകയറി. നരസിംഹം, പ്രജ, ബട്ടര്‍ഫ്ളൈസ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായ ഐശ്വര്യ പിന്നീട് ടെലിവിഷന്‍ രംഗത്തും സജീവമായി. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നഷ്ടമായ സിനിമകളെപ്പറ്റി സംസാരിക്കുകയാണ് ഐശ്വര്യ.
സിനിമയിലരങ്ങേറി രണ്ട് വര്‍ഷമായപ്പോഴേക്ക് മണിരത്നം തന്നെ ദളപതിയിലേക്ക് വിളിച്ചിരുന്നെന്ന് ഐശ്വര്യ പറഞ്ഞു. എന്നാല്‍ ആ സമയത്ത് തന്റെ മുത്തശ്ശിയായിരുന്നു സിനിമകള്‍ തെരഞ്ഞെടുത്തിരുന്നതെന്ന് ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ശോഭന അവതരിപ്പിച്ച വേഷത്തിലേക്കാണ് തന്നെ വിളിച്ചിരുന്നതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. പിന്നീട് റോജയിലേക്കും തന്നെ മണിരത്നം വിളിച്ചിരുന്നെന്നും എന്നാല്‍ അതും ചെയ്യാന്‍ പറ്റാതെ പോയെന്നും ഐശ്വര്യ പറഞ്ഞു.
കുളു മണാലിയിലാണ് ഷൂട്ടെന്ന് പറഞ്ഞെന്നും എന്നാല്‍ മറ്റൊരു തെലുങ്ക് സിനിമയുടെ അഡ്വാന്‍സ് വാങ്ങിയതിനാല്‍ റോജയില്‍ അഭിനയിക്കാന്‍ പറ്റിയില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റോജക്ക് പകരം ചെയ്ത തെലുങ്ക് സിനിമ നിര്‍മാതാവും സംവിധായകനും തമ്മിലുണ്ടായ പ്രശ്നം കാരണം ഉപേക്ഷിച്ചുവെന്നും രണ്ട് ദിവസം മാത്രമേ ആ സിനിമയുടെ ഷൂട്ട് നടന്നുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു. . ബെറ്റര്‍ ടുഡേ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.
‘സിനിമയിലെത്തിയ രണ്ടാമത്തെ വര്‍ഷം തന്നെ മണിരത്നം സാര്‍ എന്നെ ദളപതിയിലേക്ക് വിളിച്ചിരുന്നു. ശോഭന ചെയ്ത വേഷത്തിലേക്കാണ് എന്നെ വിളിച്ചത്. അന്ന് എന്റെ സിനിമകള്‍ തെരഞ്ഞെടുത്തിരുന്നത് മുത്തശ്ശിയായിരുന്നു. ദളപതിക്ക് പകരം മറ്റൊരു തെലുങ്ക് സിനിമ കമ്മിറ്റ് ചെയ്തു. ഹൈദരാബാദിലേക്ക് ഷൂട്ടിന് പോയി.
പിന്നീട് റോജയിലേക്കും എന്നെ വിൡു. കുളു മണാലിയില്‍ 40 ദിവസം ഷൂട്ടുണ്ടാകുമെന്നാണ് പറഞ്ഞത്. അപ്പോഴും ഒരു തെലുങ്ക് സിനിമക്ക് മുത്തശ്ശി അഡ്വാന്‍സ് വാങ്ങിയതുകൊണ്ട് റോജയും എനിക്ക് നഷ്ടമായി. പകരം ചെയ്ത തെലുങ്ക് സിനിമ രണ്ട് ദിവസം മാത്രമേ ഷൂട്ടുണ്ടായിരുന്നുള്ളൂ. അപ്പോഴേക്ക് നിര്‍മാതാവും സംവിധായകനും തമ്മില്‍ പ്രശ്നമുണ്ടായതുകൊണ്ട് ആ പടം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു,’ ഐശ്വര്യ പറഞ്ഞു.
Content Highlight: Aishwarya Bhaskar about Roja movie