മലയാള സിനിമയിലെ പുതുതലമുറ താരങ്ങളില്‍ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി. പാര്‍വതിയെ കുറിച്ച് സംസാരിക്കുകയാണ് നടി ഉര്‍വശി.
ഉള്ളൊഴുക്കിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ രണ്ട് നടിമാരുടെ മത്സരിച്ചുള്ള അഭിനയം തന്നെയായിരുന്നു സ്‌ക്രീനില്‍ പ്രേക്ഷകര്‍ കണ്ടത്.
ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് അത്തരം സിനിമകളുടെ ഭാഗമാകുന്ന രണ്ട് പേര്‍ ഒരുമിച്ചപ്പോള്‍ പ്രേക്ഷകനും അത് പുതിയൊരനുഭവമായിരുന്നു.
പാര്‍വതി എന്ന സഹതാരത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ഉര്‍വശി. പാര്‍വതി എന്ന അഭിനേത്രി സിനിമയെ വളരെ ഗൗരവമായി കാണുന്നയാളാണെന്നും തന്നെപ്പോലെ പൊട്ടക്കണ്ണന്‍ മാവേല്‍ എറിഞ്ഞതു പോലെ കിട്ടിയതല്ല അവള്‍ക്ക് സിനിമയെന്നുമായിരുന്നു ഉര്‍വശിയുടെ മറുപടി.
‘പാര്‍വതി എന്ന അഭിനേത്രി സിനിമയെ വളരെ ഗൗരവമായി കാണുന്നയാളാണ്. എന്നെപ്പോലെ പൊട്ടക്കണ്ണന്‍ മാവേല്‍ എറിഞ്ഞതു പോലെ കിട്ടിയതല്ല അവള്‍ക്ക് സിനിമ. ആഗ്രഹിച്ചും പ്രയത്‌നിച്ചും സ്‌ക്രിപ്റ്റ് വായിച്ചുമൊന്നും സിനിമയില്‍ വന്നയാളല്ലല്ലോ ഞാന്‍.
എത്ര വലിയ ബാനറില്‍ സിനിമ ചെയ്യുകയാണെങ്കിലും ”ഈ പടം കഴിഞ്ഞാല്‍ ഞാന്‍ സ്‌കൂളില്‍ പോകും” എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അതുകേട്ട് പിന്നീട് എല്ലാവരും എന്നെ കളിയാക്കാന്‍ തുടങ്ങി.
നെടുമുടിച്ചേട്ടനൊക്കെ പറയും ”വേഗം സിനിമയെടുത്തിട്ട് വിടണേ, കൊച്ചിന് സ്‌കൂളില്‍ പോകാനുള്ളതാണേ” എന്ന് പറയുന്നതിലെ തമാശ പോലും എനിക്ക് കുറേ കാലം കഴിഞ്ഞാണ് മനസിലായത്.
പാര്‍വതിയൊക്കെ ഉള്ളൊഴുക്കിലെ കോസ്റ്റിയൂം ഒരു മാസം മുന്‍പുതന്നെ മനസിലാക്കി അണിഞ്ഞു നടക്കുമായിരുന്നു. അതൊക്കെ എന്നെ അദ്ഭുതപ്പെടുത്തി.
അങ്ങനെയൊരു പ്രിപ്പറേഷന്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് ഭദ്രനിലാണ്. ഭദ്രേട്ടന്‍ ചിന്തിക്കുന്നത് നമുക്കും മനസിലാക്കിത്തരും. ഒരു സീനില്‍ തിളങ്ങുന്ന പളുങ്ക് കഷ്ണം ഉണ്ടെങ്കില്‍ കഥ പറയുമ്പോഴേ അതിന്റെ പ്രസക്തിയും നമുക്ക് പറഞ്ഞു തരും.
കഥാപാത്രങ്ങളാണ് ഓരോ പ്രോപ്പര്‍ട്ടിയും. ഞാന്‍ അവര്‍ എന്ത് പറയുന്നു എന്നുമാത്രമേ നോക്കാറുള്ളു. സെറ്റില്‍ ചെന്നു ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ മാത്രം അഭിനയിക്കുന്നതാണ് എന്റെ ശൈലി.
എനിക്ക് കാലേക്കൂട്ടി വര്‍ക്ഷോപ് തന്നാല്‍ ഞാന്‍ ടെന്‍ഷനാവും. റിലാക്‌സ് ചെയ്യാന്‍ പറ്റില്ല. ഈ പ്രത്യേക പോയിന്റില്‍ ഇതു തന്നെ ചെയ്യണമെന്ന് എനിക്ക് നിശ്ചയിക്കാന്‍ പറ്റില്ല.
അതെന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്റെ ജീവിതവും അങ്ങനെ തന്നെയാണ്. ഒരുപ്ലാനിങ്ങും ഇല്ല,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi about Parvathy