നടന് ഫഹദ് ഫാസിലിന്റെ രണ്ടാം വരവില്‍ ആദ്യ സിനിമ പ്ലാന്‍ ചെയ്തത് ശരിക്കും താനായിരുന്നുവെന്ന് പറയുകയാണ് സംവിധായകന് ലാല്‍ ജോസ്. വലിയ സെറ്റപ്പില്‍ പ്ലാന്‍ ചെയ്ത സിനിമയായിരുന്നുവെന്നും മദര്‍ ഇന്ത്യ എന്നായിരുന്നു ആ സിനിമക്ക് കൊടുത്ത പേരെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പം 2011ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ് എന്ന സിനിമയെ കുറിച്ചും തന്റെ നടക്കാതെ പോയ ഒരു സിനിമയെ കുറിച്ചും സംവിധായകന് പറയുന്നു. റെഡ് എഫ്.എം. മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘ഷാനുവിനെ വെച്ച് അവന്റെ രണ്ടാം വരവില്‍ ആദ്യ സിനിമ പ്ലാന്‍ ചെയ്തത് ശരിക്കും ഞാനായിരുന്നു. അതൊരു വലിയ സെറ്റപ്പിലായിരുന്നു പ്ലാന്‍ ചെയ്തത്. ഹേമമാലിനിയും രേഖയും ഷാനുവും പിന്നെ പുതിയൊരു നായികയുമായിട്ടുള്ള പ്രൊജക്ടായിരുന്നു അത്. മദര്‍ ഇന്ത്യ എന്നായിരുന്നു ആ സിനിമക്ക് കൊടുത്ത പേര്. മുരളി ഗോപി ആയിരുന്നു അതിന്റെ ബേസിക്ക് കഥയൊക്കെ ഉണ്ടാക്കിയിരുന്നത്.
പക്ഷെ അതിനൊരു പ്രൊഡ്യൂസറിനെ കിട്ടിയില്ല. കാരണം അന്ന് ഫഹദിനെ കുറിച്ച് പറയുമ്പോള്‍ അവരുടെ മനസിലൊക്കെ അതിന് മുമ്പിറങ്ങി പരാജയപ്പെട്ട സിനിമയായിരുന്നു. ഈ സിനിമയാണെങ്കില്‍ വലിയ ബജറ്റില്‍ ഒരുങ്ങുന്നതായിരുന്നു. പിന്നീട് ശോഭന, രേവതി, ഷാനു, പുതിയ നായിക എന്ന രീതിയിലേക്ക് ആലോചിച്ചു. ആ രീതിയിലും കുറേ ആളുകളുടെ അടുത്ത് പ്രസന്റ് ചെയ്തു. പക്ഷെ അതും വര്‍ക്കൗട്ടായില്ല.
അതിന്റെ ഇടയിലാണ് ഷാനു ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ചാപ്പാ കുരിശ് ആയിരുന്നു ആ സിനിമ. പിന്നെ ഫഹദിന് വീണ്ടും അഭിനയിക്കുന്നതിന്റെ വിത്ത് ആദ്യമിട്ടത് ഞാനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അഭിനയിക്കാനുള്ള മോഹം ഞാനായിരുന്നു അവന് വീണ്ടും നല്‍കിയത്. എന്നാല്‍ ഷാനു ചാപ്പാ കുരിശില്‍ അഭിനയിച്ചതോടെ എനിക്ക് എന്റെ സിനിമ ചെയ്യാന്‍ പറ്റാതെയായി. ആ രണ്ട് സിനിമയിലും ഒരുപോലെ ഒരു വീഡിയോയുടെ എലമെന്റ് ഉണ്ടായിരുന്നു. ആ എലമെന്റ് ചാപ്പാ കുരിശില്‍ വന്നതോടെ എനിക്ക് എന്റെ സിനിമ ചെയ്യാന്‍ പറ്റിയില്ല,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Director Lal Jose Talks About Fahadh Faasil And His Career