ജന്മനാ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാതിരുന്നിട്ടും സ്വപ്രയ്തനത്തിലൂടെ തെന്നിന്ത്യന്‍ സിനിമകളില്‍ ഒരിടം നേടിയെടുത്ത നടിയാണ് അഭിനയ. മലയാളത്തില്‍ നടന് ജോജു സംവിധാനം ചെയ്ത പണിയെന്ന ചിത്രത്തിലെ നായികാ വേഷവും അഭിനയ ഗംഭീരമാക്കി.
മലയാളം ഇന്‍ഡസ്ട്രി തമിഴില്‍ നിന്നും വ്യത്യസ്തമാണെന്നും കഥാപാത്രങ്ങളിലും ഭാവങ്ങളിലുമെല്ലാം ആ വ്യത്യാസമുണ്ടെന്നും അഭിനയ പറയുന്നു.
മലയാളത്തില്‍ സൂക്ഷമ ഭാവങ്ങളാണ് വേണ്ടത്. ജോജു സാറില്‍ നിന്നാണ് താന്‍ അതെല്ലാം പഠിച്ചതെന്നും അഭിനയ പറയുന്നു.
തന്നെ നോക്കി ആരും സിംപതി കാണിക്കുന്നത് ഇഷ്ടമല്ലെന്നാണ് അഭിനയ പറയുന്നത്. ‘എന്നെ നോക്കി പാവം എന്നൊന്നും പറയുന്നത് എനിക്ക് ഇഷ്ടമല്ല.
എല്ലാവരും ഒരുപോലെ തന്നെയാണ്. ഡെഫ് ആയിട്ടുള്ള ആളുകളെക്കുറിച്ച് അറിയാത്തതുകൊണ്ടായിരിക്കും ആളുകള്‍ക്ക് അങ്ങനെയൊരു സിംപതി.
സത്യത്തില്‍ ഡെഫ് ആയിട്ടുള്ള ആളുകളും മറ്റുള്ളവരെ പോലെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഡെഫ് ആയിരിക്കുന്നതില്‍ സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. അതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.
വളരെ സമാധാനമുള്ള ജീവിതമാണ്. പുറത്തുനിന്നുള്ള ശബ്ദമോ ഒന്നുമില്ല, അതുകൊണ്ട് സമാധാനവും സന്തോഷവുമുണ്ട്, അഭിനയ പറയുന്നു.
ജനിച്ച സമയത്ത് താന്‍ കേള്‍വിശക്തിയുള്ള ഒരു കുട്ടിയാണെന്നാണ് പാരന്റ്സ് കരുതിയിരുന്നതെന്നും പക്ഷേ ഒരു ആറ് മാസത്തിനു ശേഷം എന്തെങ്കിലും ശബ്ദമൊക്കെ കേട്ടാല്‍ പ്രതികരിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് അവര്‍ ശ്രദ്ധിച്ചെന്നും അഭിനയ പറയുന്നു.
എന്തെങ്കിലും സാധനങ്ങള്‍ നിലത്തുവീഴുമ്പോഴൊന്നും ഞാന്‍ പ്രതികരിക്കില്ല. അങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോയി, ചെക്കിങ്ങിനു ശേഷമാണ് മനസ്സിലായത് ഞാന്‍ ഡെഫ് ആണെന്ന്. മറ്റു ചില ശാരീരിക പ്രശ്നങ്ങളുമുണ്ടായിരുന്നു. പിന്നെ ചികിത്സയിലൂടെ മെച്ചപ്പെട്ടു വന്നതാണ്, അഭിനയ പറയുന്നു.
സിനിമകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് തന്റെ സഹോദരനാണ് കഥ കേട്ട് തനിക്ക് പറഞ്ഞു തരുന്നത് എന്നായിരുന്നു അഭിനയയുടെ മറുപടി.
ഇഷ്ടപ്പെട്ടാല്‍ സിനിമ കമ്മിറ്റ് ചെയ്യും. അമ്മ കൂടെയുണ്ടാകാറുണ്ട്. തമിഴും തെലുഗുവും ആണെങ്കില്‍ അമ്മ എന്നെ സഹായിക്കും. മലയാളത്തില്‍ എനിക്കൊരു സഹായിയുണ്ടായിരുന്നു.
മലയാളം സ്ക്രിപ്റ്റ് ഇംഗ്ലീഷിലേക്ക് മാറ്റിയാണ് സ്ക്രിപ്റ്റ് ഞാന്‍ മനസ്സിലാക്കുന്നതും അഭിനയിക്കുന്നതും. സെറ്റിലുള്ളവര്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഞാന്‍ എഴുതിക്കാണിക്കും, അഭിനയ പറയുന്നു.
Content Highlight: Actress Abhinaya about Her Life and career