വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ നടിയാണ് പാര്‍വതി. ഒരുപാട് സിനിമകള്‍ തുടര്‍ച്ചയായി ചെയ്യില്ലെങ്കിലും ചെയ്യുന്ന സിനിമകളിലെല്ലാം തന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്.
സംസ്ഥാന ദേശീയ പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുമ്പോഴും അഭിനയത്തില്‍ സ്വയം നവീകരിക്കുകയാണ് പാര്‍വതി.
മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമാണ് ഇന്ന് പാര്‍വതി. പാ. രഞ്ജിത്ത് സംവിധാനം ചെയ്ത് വിക്രം നായകനായ തങ്കലാനിലെ പാര്‍വതിയുടെ പ്രകടനത്തിനൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വിക്രത്തെ കുറിച്ചും വിക്രത്തിനൊപ്പമുള്ള അഭിനയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പാര്‍വതി. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളാണ് വിക്രമെന്നാണ് പാര്‍വതി പറയുന്നത്.
ഒരു തരത്തിലുള്ള ഈഗോയും അദ്ദേഹത്തിനില്ലെന്നും താരഭാരം ഒട്ടുമില്ലാത്ത നടനാണ് അദ്ദേഹമെന്നും പാര്‍വതി പറയുന്നു.
‘ വിക്രം സാറിനെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. നല്ല മനുഷ്യന്. ഈഗോ എന്നൊന്ന് അദ്ദേഹത്തിന് ഇല്ല.
വലിയ താരമാണെന്ന തോന്നല്‍ ഇല്ല. തങ്കലാന് സെറ്റില്‍ അദ്ദേഹം തങ്കലാനും ഞാന്‍ ഗംഗമ്മാളും ആയിരുന്നു. സെറ്റിലെ എല്ലാവരോടും ഒരേ രീതിയില്‍ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ രീതികള്‍ കാണുമ്പോള്‍ അതുപോലെ നമുക്കും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നും. അദ്ദേഹത്തെപ്പോലുള്ള ഒരു സഹതാരത്തെ കിട്ടുകയെന്നാല്‍ വലിയ ഭാഗ്യമാണ്.
അദ്ദേഹത്തെ പോലെ ഒരു സുഹൃത്ത് നമുക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകും. സെല്‍ഫിഷായി ഒരിക്കല്‍ പോലും അദ്ദേഹം സംസാരിക്കുന്നതോ ഇടപെടുന്നതോ കണ്ടിട്ടില്ല.
അഭിനയിക്കുമ്പോള്‍ പോലും നമ്മള് നമ്മുടെ കാര്യം മാത്രമല്ലേ നോക്കുക, അദ്ദേഹം അങ്ങനെയല്ല,’ പാര്‍വതി പറയുന്നു.
Content Highlight: Actress Parvathy about Vikram and his Character