കന്നഡ സിനിമയുടെ ഗതി മാറ്റിയവരില്‍ ഒരാളാണ് റിഷബ് ഷെട്ടി. സംവിധായകന്, നടന്, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ റിഷബിന് സാധിച്ചു. 2012ല്‍ തുഗ്ലക് എന്ന ചിത്രത്തില്‍ വില്ലനായി അഭിനയജീവിതം തുടങ്ങിയ റിഷബ് റിക്കി എന്ന ചിത്രത്തിലൂടെയാണ് സംവിധായക കുപ്പായമണിഞ്ഞത്. പിന്നീട് നാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത റിഷബിനെ കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ച വെച്ചത് കാന്താരയിലായിരുന്നു. ചിത്രം സംവിധാനം ചെയ്തതിനോടൊപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച റിഷബ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
ഓരോ പുതിയ സംവിധായകരോടും ചാന്‍സ് ചോദിക്കുന്നത് ആ ഒരു കാരണം കൊണ്ടാണ്: കുഞ്ചാക്കോ ബോബന്
ഭാഷാതിര്‍ത്തികള്‍ കടന്ന് കാന്താര വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ പ്രീക്വല്‍ അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്തിരുന്നു. കമല്‍ ഹാസന് തനിക്ക് തന്ന ഉപദേശം പങ്കുവെക്കുകയാണ് റിഷബ് ഷെട്ടി. ഭക്തിക്ക് പ്രാധാന്യമുള്ള സിനിമകള്‍ മാത്രം ചെയ്യാതെ കോമഡിക്ക് പ്രാധാന്യമുള്ള സിനിമകളും ചെയ്യാന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും റിഷബ് പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ പോയപ്പോഴാണ് സംസാരിക്കാന്‍ കഴിഞ്ഞതെന്നും തന്നെ കാരവനിലേക്ക് ക്ഷണിച്ചെന്നും റിഷബ് കൂട്ടിച്ചേര്‍ത്തു.
സിനിമയെപ്പറ്റി ഒരുപാട് അറിവുള്ളയാളാണ് കമല്‍ ഹാസനെന്നും അദ്ദേഹത്തോട് സിനിമയെപ്പറ്റി സംസാരിക്കുന്നത് രസകരമായ അനുഭവമാണെന്ന് റിഷബ് പറഞ്ഞു. അങ്ങനെ സംസാരിച്ചിരുന്നപ്പോഴാണ് ഈ ഉപദേശം ലഭിച്ചതെന്നും തനിക്ക് കോമഡി സിനിമകള്‍ ചെയ്യാന്‍ വളരെ ഇഷ്ടമാണെന്നും റിഷബ് കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസന്റെ കരിയറില്‍ പോലും അദ്ദേഹം കോമഡി സിനിമകള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ടായിരുന്നെന്നും റിഷബ് പറഞ്ഞു. ദേശീ അവാര്‍ഡ് സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിഷബ് ഷെട്ടി.
‘കമല്‍ സാര്‍ എനിക്ക് തന്ന ഉപദേശം എന്താണെന്ന് വെച്ചാല്‍ കോമഡി സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കണം എന്നാണ്. എനിക്ക് കോമഡി ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ‘കാന്താര പോലെ ഭക്തി സിനിമകള്‍ ചെയ്തോളൂ, പക്ഷേ അല്ലാതെ ഴോണറുകളും ശ്രമിക്കണം’ എന്നാണ് കമല്‍ സാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമയുടെ സെറ്റില്‍ പോയ സമയത്താണ് ഇക്കാര്യം പറഞ്ഞത്. ഷൂട്ട് കഴിഞ്ഞ് വരുന്നതുവരെ കാത്തിരുന്നു. എന്നെ കണ്ടതും കാരവന്റെ അകത്തേക്ക് വിളിച്ചു.
ഒരുപാട് നേരം ഞങ്ങള്‍ സംസാരിച്ചു. കൂടുതലും സിനിമയെപ്പറ്റിയാണ് സംസാരിച്ചത്. അദ്ദേഹത്തോട് സംസാരിച്ചിരിക്കാന്‍ നല്ല രസമാണ്. ഒരുപാട് അറിവ് നമുക്ക് ലഭിക്കും. അങ്ങനെ സംസാരിച്ചിരുന്നപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. എനിക്കും കോമഡി സിനിമകള്‍ ചെയ്യാന്‍ വളരെയധികം താത്പര്യമുണ്ട്. കമല്‍ സാറും അദ്ദേഹത്തിന്റെ കരിയറില്‍ കോമഡി സിനിമകള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്. കാന്താരാ ചാപ്ടര്‍ വണ്ണിന് ശേഷം അങ്ങനെയൊരു പ്രൊജക്ട് തീര്‍ച്ചയായും ഉണ്ടാകും,’ റിഷബ് ഷെട്ടി പറയുന്നു.
Content Highlight: Rishab Shetty about Kamal Haasan