പ്രേമലുവിന് ശേഷം ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയോ ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ നസ്‌ലിന്‍. പാന്‍ സൗത്തില്‍ അറിയാമെന്നും പാന്‍ ഇന്ത്യന്‍ ആയിട്ടില്ലെന്നുമായിരുന്നു നസ്‌ലിന്റെ മറുപടി.
എങ്കിലും പാന്‍ ഇന്ത്യന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സുഖമൊക്കെയുണ്ടെന്നായിരുന്നു നസ്‌ലിന്റെ മറുപടി.
‘ ഐ ആം കാതലനിലെ എന്റെ കഥാപാത്രത്തിന്റെ പേര് വിഷ്ണു എന്നാണ്. ഇരിങ്ങാലക്കുട താമസിക്കുന്ന ഒരു ലോക്കല്‍ ഹാക്കറാണ് ഇയാള്‍.
ഇയാളുടെ ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. പ്രത്യേകിച്ച് പ്രിപ്പറേഷനൊന്നും വേണ്ടാത്ത ഒരു കഥാപാത്രമായിരുന്നു. പിന്നെ കൊടുങ്ങല്ലൂര്‍ എന്റെ നാട്ടിലൊക്കെയായി ഷൂട്ട് ചെയ്ത പടമാണ്.
ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന കഥയാണ്. ഒരു ത്രില്ലര്‍ സ്വഭാവമാണ്. അടുത്തിടെ ചെയ്ത കഥാപാത്രത്തില്‍ നിന്ന് ഒത്തിരി വ്യത്യാസം എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്,’ നസ്‌ലിന്‍ പറഞ്ഞു.
കാതലന്‍ എന്ന് കേട്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത് എന്തായിരുന്നെന്ന ചോദ്യത്തിന് പ്രഭുദേവയെ ആണെന്നായിരുന്നു നസ്‌ലിന്റെ മറുപടി.
പടം കഴിഞ്ഞപ്പോള്‍ ഹാക്കിങ് പഠിക്കണം എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അത് കുറച്ച് പാടുള്ള പരിപാടി ആണെന്നും അതൊക്കെ അറിയുമായിരുന്നെങ്കില്‍ എവിടെ എത്തിയേനെ എന്നുമായിരുന്നു തമാശ രൂപേണയുള്ള നസ്‌ലിന്റെ മറുപടി.
പ്രേമലുവിലെ കഥാപാത്രത്തെ കുറിച്ചും അയല്‍വാശി എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചുമൊക്കെ നസ്‌ലിന്‍ അഭിമുഖത്തില്‍ സംസാരിച്ചു.
പ്രേമലുവില്‍ ഞാന്‍ ചെയ്ത കഥാപാത്രം നമുക്ക് എവിടെയൊക്കെയോ കണക്ട് ചെയ്യും. ആ കഥാപാത്രത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പിന്നെ അയല്‍വാശിയില്‍ ഞാന്‍ ചെയ്തകഥാപാത്രവും ഏറെ ഇഷ്ടമായിരുന്നു. പക്ഷേ പടം ഫ്‌ളോപ്പായിപ്പോയി,’ നസ്‌ലിന്‍ പറഞ്ഞു.
Content Highlight: Actor Naslen About Pan India Star Compliment