സിനിമയില്‍ കാണിക്കുന്ന ഫ്രെയിമുകള്‍, സംഭാഷണങ്ങള്‍ അങ്ങനെ എല്ലാറ്റിലും കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് പറയുകയാണ് സംവിധായികയായ പായല്‍ കപാഡിയ. എടുക്കുന്ന ഓരോ ഷോട്ടിനും സംവിധായികയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും സിനിമതന്നെ രാഷ്ട്രീയമാണെന്നും പായല്‍ പറയുന്നു. ഓരോ വര്‍ഷവും മലയാളത്തില്‍ ഒരുപാട് മികച്ച സ്വതന്ത്രസിനിമകള്‍ ഉണ്ടാകുന്നുണ്ടെന്നും അതിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയെപ്പോലെ മികച്ച സംവിധായകര്‍ ഒരുപാട് പരീക്ഷണചിത്രങ്ങള്‍ എടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ സ്വതന്ത്രസിനിമാപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ ശ്രദ്ധിക്കാറുണ്ടോയെന്ന ചോദ്യത്തിനും സിനിമയിലൂടെ രാഷ്ട്രീയം പറയുക എളുപ്പമാണോ എന്ന ചോദ്യത്തിനും മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു പായല്‍ കപാഡിയ.
Also Read: ഞാന്‍ കണ്ട ഏറ്റവും ബോറിങ്ങായ മനുഷ്യന്‍; സിനിമയല്ലാതെ ഒരു ജീവിതമില്ലേയെന്ന് ഞാന്‍ ചോദിച്ചു: ദുല്‍ഖര്‍
‘ഓരോരുത്തരുടെയും ജീവിതംതന്നെ ഒരു രാഷ്ട്രീയമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജീവിതകഥ പറഞ്ഞു കൊണ്ടുമാത്രമേ നമുക്ക് സിനിമയില്‍ രാഷ്ട്രീയം സംസാരിക്കാന്‍ സാധിക്കൂ. സിനിമയില്‍ നമ്മള്‍ കാണിക്കുന്ന ഫ്രെയിമുകള്‍, സംഭാഷണങ്ങള്‍ അങ്ങനെ എല്ലാറ്റിലും കൃത്യമായ രാഷ്ട്രീയമുണ്ട്. അതിനാല്‍, എടുക്കുന്ന ഓരോ ഷോട്ടിനും സംവിധായകയ്ക്ക് ഉത്തരവാദിത്വമുണ്ട്. സിനിമതന്നെ രാഷ്ട്രീയമാണ്. സിനിമ വേറെ രാഷ്ട്രീയം വേറെയെന്ന് വേര്‍തിരിക്കാനാവില്ല. സ്വതന്ത്രസിനിമാമേഖലയില്‍ നമ്മള്‍ ഒരുപാട് മുന്നേറിക്കഴിഞ്ഞു. ഉദാഹരണത്തിന് കേരളത്തിലെ കാര്യം തന്നെ എടുക്കൂ.
ഓരോ വര്‍ഷം എത്ര മികച്ച സ്വതന്ത്രസിനിമകളാണ് ഉണ്ടാകുന്നത്. അതിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയെപ്പോലെ മികച്ച സംവിധായകര്‍ ഒരുപാട് പരീക്ഷണചിത്രങ്ങള്‍ എടുക്കുന്നു. മികച്ച പരീക്ഷണചിത്രങ്ങളുടെ ഇന്നലെകള്‍ മലയാളത്തിലുണ്ട്. കെ.ജി. ജോര്‍ജും അരവിന്ദനുമടക്കമുള്ള സംവിധായകര്‍ ഉണ്ടാക്കിയെടുത്ത സിനിമകള്‍ അന്നത്തെ കാലത്ത് വിപ്ലവകരമായ മുന്നേറ്റങ്ങളായിരുന്നു. ആ പരീക്ഷണപാതയില്‍ മലയാളത്തില്‍ പിന്നീട് ഒരുപാട് മികച്ച സിനിമകളുണ്ടായി. അത്തരം സംവിധായകരും സിനിമകളും എനിക്ക് വലിയ പ്രചോദനം നല്‍കിയിട്ടുണ്ട്,’ പായല്‍ കപാഡിയ പറയുന്നു.
Content Highlight: Payal Kapadia Says Malayalam Cinema Inspire Her