വാപ്പച്ചിയുടെ ആ പടം കണ്ടാല്‍ സങ്കടമാകും; മുമ്പോ ശേഷമോ അങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല: ദുല്‍ഖര്‍

/

എ.കെ. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് ചിത്രമായിരുന്നു തനിയാവര്‍ത്തനം. 1987ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സ്‌കൂള്‍ അധ്യാപകനായ ബാലഗോപാലനായി എത്തിയത് മമ്മൂട്ടി ആയിരുന്നു. അദ്ദേഹത്തിന് പുറമെ തിലകന്‍, കവിയൂര്‍ പൊന്നമ്മ, സരിത, മുകേഷ് ഉള്‍പ്പെടെയുള്ള മികച്ച താരനിരയായിരുന്നു തനിയാവര്‍ത്തനത്തിനായി ഒന്നിച്ചത്. ഇപ്പോള്‍ തനിയാവര്‍ത്തനത്തെ കുറിച്ച് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

Also Read: മലയാളത്തില്‍ മികച്ച സിനിമകളുണ്ടാകുന്നു; ആ സംവിധായകരും പടങ്ങളും എനിക്ക് പ്രചോദനം: പായല്‍ കപാഡിയ

ആ സിനിമ കണ്ടാല്‍ വളരെ സങ്കടം തോന്നുമെന്നും അത്തരമൊരു പടം അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ളത് ഏതാണെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുല്‍ഖര്‍. വാപ്പച്ചിയുടെ സിനിമകളില്‍ ഏതെങ്കിലും ഒന്നുമാത്രമായി തെരഞ്ഞെടുക്കുന്നത് എളുപ്പമല്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘വാപ്പച്ചിയുടെ സിനിമകളില്‍ നിന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഏതാണെന്ന് ചോദിച്ചാല്‍, അങ്ങനെ നോക്കി തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വാപ്പച്ചിയുടെ ഒരുപാട് സിനിമകളുണ്ട്. അതില്‍ നിന്നും ഒരെണ്ണം മാത്രമായി തെരഞ്ഞെടുക്കുക എളുപ്പമല്ല. പക്ഷെ വാപ്പച്ചിയുടെ തനിയാവര്‍ത്തനം എന്ന സിനിമ കണ്ടാല്‍ എനിക്ക് വളരെ സങ്കടം തോന്നാറുണ്ട്. അതിനുമുന്‍പ് അത്തരത്തിലൊരു സിനിമ ഉണ്ടായിട്ടില്ല. ആ സിനിമക്ക് ശേഷവും അതുപോലൊന്ന് ഉണ്ടായിട്ടില്ല എന്നുള്ളത് തന്നെയാണ് സത്യം,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

Also Read: ഞാന്‍ കണ്ട ഏറ്റവും ബോറിങ്ങായ മനുഷ്യന്‍; സിനിമയല്ലാതെ ഒരു ജീവിതമില്ലേയെന്ന് ഞാന്‍ ചോദിച്ചു: ദുല്‍ഖര്‍

ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ലക്കി ഭാസ്‌കര്‍. കിങ് ഓഫ് കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് എത്തിയ ദുല്‍ഖര്‍ ചിത്രമായിരുന്നു ഇത്. മഹാനടി, സീതാരാമം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം തെലുങ്കില്‍ ഹാട്രിക് ഹിറ്റിലേക്കാണ് ലക്കി ഭാസ്‌കര്‍ ഇപ്പോള്‍ കുതിക്കുന്നത്. ദീപാവലി റിലീസായി എത്തിയ ലക്കി ഭാസ്‌കര്‍ സംവിധാനം ചെയ്തത് വെങ്കി അട്‌ലൂരി ആയിരുന്നു.

Content Highlight: Dulquer Salmaan Talks About His Fav Mammootty Movie