ആനന്ദ് ശ്രീബാല വെറുമൊരു ക്രൈം ത്രില്ലറല്ല; ഇങ്ങനെയൊരു സിനിമ മുന്‍പ് ചെയ്തിട്ടില്ല: അര്‍ജുന്‍ അശോകന്‍

/

മെറിന്‍ കേസ് പശ്ചാത്തലമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദ് ശ്രീബാല’.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്റെ മൃതദേഹം ലഭിച്ചെങ്കിലും മെറിന്റേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്തുക പൊലീസിനെ സംബന്ധിച്ച് വെല്ലുവിൡയായിരുന്നു.

കേരള പൊലീസിനെ വട്ടം ചുറ്റിച്ച മെറിന്‍ കേസ് സിനിമയാകുമ്പോള്‍ എന്തൊക്കെ ട്വിസ്റ്റുകളാണ് ചിത്രത്തില്‍ കരുതിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

മെറിന്‍ എന്ന കഥാപാത്രമായി മാളവിക മനോജ് വേഷമിടുന്ന ചിത്രത്തില്‍ ആനന്ദ് ശ്രീബാലയായി എത്തുന്നത് അര്‍ജുന്‍ അശോകനാണ്.

ആനന്ദ് ശ്രീബാലയുടെ വിശേഷങ്ങള്‍ ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍.

ഇങ്ങനെയൊരു സിനിമ താന്‍ ഇതുവരെ ചെയ്തിട്ടില്ലെന്നും സ്ഥിരം ക്രൈം ത്രില്ലര്‍ അല്ല ആനന്ദ് ശ്രീബാലയെന്നും അര്‍ജുന്‍ പറയുന്നു.

തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത് അത് തന്നെയാണെന്നും താരം പറയുന്നു.

‘ ഇങ്ങനത്തെ ഒരു ടൈപ്പ് ഓഫ് പടം ഞാന്‍ ആദ്യമായിട്ടാണ് ചെയ്യുന്നത്. ഇതില്‍ കുറേ സ്‌പെഷ്യല്‍ മൊമന്റ്‌സ് ആയിട്ടുള്ള കുറച്ച് പരിപാടികള്‍ ഉണ്ട്.

ഒരു ക്രൈം ത്രില്ലര്‍ പറഞ്ഞു പോകുന്ന ഒരു നോര്‍മല്‍ വേയില്‍ അല്ല ഈ പടം മുന്നോട്ടു പോകുന്നത്.

സാധാരണക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന ചില പരിപാടിയില്‍ തുടങ്ങിയാണ് കഥ മുന്നോട്ടു പോകുന്നത്.

പൊലീസ് ആവാന്‍ വേണ്ടി നടക്കുന്ന കഥാപാത്രമാണ് ആനന്ദ്. ശ്രീബാല എന്നത് ഇവന്റെ അമ്മയുടെ പേരാണ്. ഗേള്‍ ഫ്രണ്ടിന്റെ പേരും ശ്രീബാല എന്നാണ്. അത് അങ്ങനെ ആകാനുള്ള കാരണവും പടത്തില്‍ പറയുന്നുണ്ട്.

അമ്മ ഒരു പൊലീസുകാരിയായതുകൊണ്ട് ഇവന്‍ വളര്‍ന്നുവരുന്നത് തന്നെ പൊലീസ് ആകണമെന്ന അത്രയും ആഗ്രഹം മനസില്‍വെച്ചാണ്.

എന്നാല്‍ അമ്മയുടെ കാരണം കൊണ്ട് തന്നെ ഇവന് പൊലീസ് ആകാന്‍ പറ്റാതെ പോകുന്നു. തുടര്‍ന്നുണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റഎ പ്രമേയം,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.

ചിത്രം നവംബര്‍ 15-നാണ് തിയറ്ററുകളിലെത്തുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ.യു., ശിവദ, അസീസ് നെടുമങ്ങാട്,

കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

Content Highlight: Arjun Ashokan about Anand Sreebala and the twist