മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച നടിയാണ് മീര ജാസ്മിന്‍.
സത്യന്‍ അന്തിക്കാട്-മീര ജാസ്മിന്‍ കൂട്ടുകെട്ടില്‍ വന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ വലിയ രീതിയില്‍ സ്വീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ വലിയ ഹിറ്റായ ഒരു ചിത്രമായിരുന്നു അച്ചുവിന്റെ അമ്മ.
ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധവും ആത്മസംഘര്‍ഷവുമെല്ലാം പറഞ്ഞ ചിത്രം മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീരിച്ചു.
ഉര്‍വശിയും മീര ജാസ്മിനും മത്സരിച്ച് അഭിനയിച്ചപ്പോള്‍ മലയാളത്തില്‍ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഒരു മികച്ച കുടുംബ ചിത്രമായി അച്ചുവിന്റെ അമ്മ മാറി.
അച്ചുവിന്റെ അമ്മ സെറ്റിലെ രസകരമായ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് മീര ജാസ്മിന്‍. ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞെങ്കിലും സെറ്റ് വിട്ട് പോകാന്‍ തനിക്ക് മനസുവന്നില്ലെന്നാണ് മീര പറയുന്നത്.
തന്റെ വിഷമം മനസിലാക്കിയ സത്യന്‍ അന്തിക്കാട് ഒരു വാക്ക് തന്നാണ് തന്നെ അവിടെ നിന്ന് പറഞ്ഞുവിട്ടതെന്നും മീര ജാസ്മിന്‍ പറയുന്നു.
‘ അച്ചുവിന്റെ അമ്മയിലെ ‘എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ’ എന്ന ഗാനരംഗത്തില്‍ ഞാന്‍ സ്‌കൂള്‍ യൂണിഫോമില്‍ സൈക്കിളില്‍ പോകുന്ന ഒരു ഷോട്ടുണ്ട്.
എന്റെ സോളോ ഷോട്ടാണ്. സ്‌കൂള്‍ ബാഗൊക്കെയിട്ട്, മുടിയൊക്കെ പിന്നില്‍ കെട്ടിയിട്ട് ക്യാമറയില്‍ നോക്കിയിട്ട് ഒരു ഉമ്മ കൊടുക്കുന്ന രീതിയിലുള്ള ഷോട്ടാണ്.
ലാസ്റ്റ് ഷോട്ടും ആ പാട്ടിന് വേണ്ടിയായിരുന്നു എടുത്തത്. ആ ദിവസം എനിക്ക് പടം തീരുകയാണ്. എനിക്കാണെങ്കില്‍ ആ സെറ്റ് വിട്ടിട്ട് പോകാന്‍ താത്പര്യമേയില്ല.
അടുത്ത നാല് ദിവസം കൊണ്ട് പാക്കപ്പ് ആവുകയാണ്. സത്യന്‍ അങ്കിളിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതൊക്കെ ഭയങ്കര രസമായിരുന്നു. അങ്ങനെ ഞാന്‍ വിഷമിക്കുന്നത് അങ്കിള്‍ കണ്ടു.
എന്നെ പറഞ്ഞുവിടുകയാണല്ലോ. അപ്പോള്‍ ഞാന്‍ സങ്കപ്പെടാതിരിക്കാനായി എന്നോട് നമുക്ക് അടുത്ത പടത്തില്‍ കാണാമെന്ന് പറഞ്ഞു. അതുപോലെ തന്നെ ചെയ്യുകയും ചെയ്തു. അടുത്തപടം രസതന്ത്രം ഞങ്ങള്‍ ചെയ്തു,’ മീര ജാസ്മിന്‍ പറഞ്ഞു.
Content Highlight: Meera Jasmin About Achuvinte Amma Movie