അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയിലെത്തി ചെറിയ വേഷങ്ങളിലൂടെ നായക നിരയിലേക്ക് എത്തിയ നടനാണ് ടൊവിനോ തോമസ്. ഇന്ന് ഒരു പാന്‍ ഇന്ത്യന്‍ താരമായി ടൊവിനോ മാറിക്കഴിഞ്ഞു.
കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ അജയന്റെ രണ്ടാം മോഷണത്തില്‍ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ടൊവിനോ കയ്യടി നേടിയത്.
സിനിമാ പാരമ്പര്യമൊന്നുമില്ലാതെ, സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം ഒന്നുകൊണ്ട് മാത്രം നടനായ ഒരു വ്യക്തിയാണ് താനെന്ന് ടൊവിനോ പറയാറുണ്ട്.
കരിയറിന്റെ തുടക്കത്തില്‍ നേരിട്ട അവഗണനങ്ങളെ കുറിച്ചുമൊക്കെ ടൊവി പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് വരാന്‍ തനിക്ക് പ്രചോദനമായ ഒരു താരത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.
മറ്റാരുമല്ല മലയാളികളുടെ പ്രിയതാരമായ പൃഥ്വിരാജാണ് തനിക്ക് സിനിമയില്‍ പ്രചോദനമായതെന്ന് ടൊവിനോ പറയുന്നു.
സിനിമയെന്ന സ്വപ്നം തന്നെ കാണാന്‍ പഠിപ്പിച്ചത് പൃഥ്വിയാണെന്നും എ.ആര്.എം റിലീസ് ആകുന്നതിന് മുന്‍പ് പൃഥ്വി അത് കാണണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും ടൊവിനോ പറയുന്നു.
അജയന്റെ രണ്ടാം മോഷണം തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് രാജുവേട്ടന് ഒന്ന് കാണണം എന്നെനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഞാന്‍ പുള്ളിക്ക് മെസേജും അയച്ചിരുന്നു. സമയം കിട്ടുമ്പോള്‍ ഒന്ന് പടം കാണണേയെന്ന് പറഞ്ഞിട്ട്.
ഏതൊക്കെയോ ഒരു പോയിന്റില്‍ നമ്മളെയൊക്കെ കുറച്ചുകൂടെ ആഗ്രഹത്തോടെ നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചതില്‍, പ്രേരിപ്പിച്ചതില്‍ രാജുവേട്ടനുള്ള പങ്ക് വളരെ വലുതാണ്.
അതൊട്ടും ചെറുതല്ല. പുള്ളിയില്‍ നിന്നാണ് അങ്ങനെ ഒരു മോട്ടിവേഷന്‍ നമുക്ക് പലപ്പോഴും കിട്ടിയിട്ടുള്ളത്,’ടൊവിനോ പറയുന്നു.
സെവന്ത് ഡേ, എന്നു നിന്റെ മൊയ്തീന്, എസ്ര തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. പൃഥ്വി സംവിധാനം ചെയ്ത ലൂസിഫറിലും ടൊവിനോ ഭാഗമായിരുന്നു.
Content Highlight: Tovino Thomas about ARM and Prithviraj