കരിയറില്‍ നേരിട്ട തിരിച്ചടികളെ കുറിച്ച് ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയ്ലില്‍’ തുറന്ന് പറഞ്ഞ് നടി നയന്‍താര.
സൂര്യ നായകനായ ഗജിനിയില്‍ അഭിനയിച്ചതിന്റെ പേരില്‍ താന്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായെന്ന് താരം പറയുന്നുണ്ട്.
സംവിധായകന് എ.ആര്. മുരുഗദോസ് തന്നോട് ധരിക്കാനും അഭിനയിക്കാനും ആവശ്യപ്പെട്ടത് മാത്രമാണ് താന്‍ ചെയ്തതെന്നും താരം പറയുന്നു.
‘ഞാന്‍ ഏറ്റവും തകര്‍ന്നു പോയത് ഗജിനിയുടെ സമയത്താണ്. സിനിമ റിലീസായതിന് പിന്നാലെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണത്തിന് ഇരയായി.
ഇവരെന്തിനാണ് അഭിനയിക്കുന്നത്, ഇവര്‍ എന്തിനാണ് സിനിമയില്‍ തുടരുന്നത്, ഇവര്‍ ഒരുപാട് വണ്ണം വച്ചല്ലോ തുടങ്ങിയ കമന്റുകളായിരുന്നു എല്ലാം. ആ സിനിമയിലെ എന്റെ പ്രകടനത്തെ കുറിച്ചായിരുന്നു ഈ കമന്റുകളെങ്കില് അതില്‍ എനിക്ക് വിഷമമില്ലായിരുന്നു.
പക്ഷേ, സംഭവിച്ചത് അതായിരുന്നില്ല. ഒരാളുടെ ശരീരത്തെപ്പറ്റി ആക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. ഒരുപക്ഷേ ഞാന്‍ അതില്‍ ചെയ്തത് മോശമായിരിക്കാം. എന്നാല്‍, എന്റെ സംവിധായകന് എന്നോട് ആവശ്യപ്പെട്ടത് മാത്രമാണ് ഞാന്‍ ചെയ്തത്.
അദ്ദേഹം ആവശ്യപ്പെട്ട വസ്ത്രമാണ് ഞാന്‍ ആ സിനിമയില്‍ ധരിച്ചത്. ഞാനൊരു പുതുമുഖമല്ലേ? തിരിച്ചൊന്നും പറയാനാകില്ലല്ലോ,’ നയന്‍താര പറയുന്നു.
ആ സമയങ്ങളിലൊക്കെ താന്‍ തനിച്ചായിരുന്നെന്നും എല്ലാ വിവാദങ്ങളേയും ഒറ്റയ്ക്ക് നേരിടേണ്ടി വന്നെന്നും താരം പറഞ്ഞു.
‘നമ്മള് ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ആര് കൂടെയുണ്ടാകും എന്ന് ഒരു ഉറപ്പുമില്ല. എനിക്ക് ആരും ഉണ്ടായിട്ടില്ല. ഒരാള്‍ പോലും എന്റെ അടുത്ത് വന്നിട്ട്, വിഷമിക്കരുത് എന്ന് പറഞ്ഞില്ല. പക്ഷേ ആ സമയത്തൊക്കെ ഞാന്‍ സ്വയം കരുത്താര്‍ജ്ജിച്ചു.
എനിക്ക് വേറെ വഴിയില്ലായിരുന്നു. എല്ലാവരും കരുതിയിരുന്നത് എനിക്ക് ആകെ ചേരുന്നത് പാവാടയും ദാവണിയും സാരിയും മാത്രമാണ് എന്നാണ്.
എന്നാല്‍ ബില്ലയിലെ റോള്‍ എനിക്ക് നന്നായി ചേരുമെന്ന് വിഷ്ണുവര്ദ്ധന് എന്നോട് പറഞ്ഞപ്പോള്‍ ഞാനും അതിനോട് യോജിച്ചു.
ചര്‍ച്ചകള്‍ മുഴുവനും ഞാന്‍ ചെയ്ത ബിക്കിനി സീനിനെ ചുറ്റിപ്പറ്റി ആയിരുന്നു. ഞാന്‍ അത് ചെയ്തത് എല്ലാവര്ക്കും പ്രശ്നം ആയിരുന്നു. പക്ഷേ, ഞാന്‍ ആലോചിച്ചത് അങ്ങനെയൊക്കെ അല്ലേ മാറ്റം സംഭവിക്കേണ്ടത് എന്നായിരുന്നു,’ നയന്‍താര പറയുന്നു.
Content Highlight: Nayanthara about Body Shaming