‘വേഗം ഷൂട്ട് തുടങ്ങണം, ഞാന്‍ തന്നെ നിര്‍മാതാവ്’ ; എന്നെ തേടിയെത്തിയ മമ്മൂക്കയുടെ കോള്‍: ഗൗതം വാസുദേവ് മേനോന്‍

/

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’.

ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ജനുവരി 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കോമഡി ട്രാക്കിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് താരം ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തില്‍ ഗോകുല്‍ സുരേഷും ചിത്രത്തിലുണ്ട്.

ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന്റെ കഥയില്‍ രണ്ട് മൂന്ന് താരങ്ങള്‍ താത്പര്യം കാണിച്ചിരുന്നെന്നും തനിക്ക് എന്തുകൊണ്ടോ ആ കഥ മമ്മൂട്ടി തന്നെ ചെയ്യണമെന്നുണ്ടായിരുന്നെന്നും പറയുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍.

ഒരിക്കല്‍ സൈക്യാട്രിസ്റ്റിനെ കണ്ടാല്‍ ആ വ്യക്തി ആശുപത്രിയുടെ റെക്കോഡില്‍ മാനസിക വെല്ലുവിളിയുള്ളയാള്‍, മറ്റ് രോഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് നിഷേധിക്കും: അര്‍ച്ചന കവി

മമ്മൂട്ടി അതു ചെയ്യുമോ എന്ന് ചിലര്‍ സംശയിച്ചെന്നും പക്ഷേ, ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ എന്ന് പറഞ്ഞാണ് കഥ മമ്മൂക്കയോട് പറഞ്ഞതെന്നും ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന്റെ കഥ കേട്ടതും എനിക്ക് അത് ഒരുപാട് ഇഷ്ടമായി. രണ്ടു മൂന്നു താരങ്ങള്‍ ആ കഥയില്‍ താല്‍പര്യം കാണിക്കുകയും ചെയ്തു. പക്ഷേ എനിക്കെന്തോ ഈ കഥ മമ്മൂട്ടിയോടു പറഞ്ഞാല്‍ കൊള്ളാമെന്നു തോന്നി.

മമ്മൂട്ടി അതു ചെയ്യുമോ എന്നു ചിലര്‍ സംശയിച്ചിരുന്നു. ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. അങ്ങനെ, അദ്ദേഹത്തിന്റെ ടീമിനെ ബന്ധപ്പെട്ട് ഒരു കഥ പറയാന്‍ താല്‍പര്യം ഉണ്ടെന്നു പറഞ്ഞു.

അടുത്ത ദിവസം തന്നെ എന്നോടു വരാന്‍ പറഞ്ഞു. ഞാന്‍ ചെന്നു. രണ്ടു മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു.

മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ആളുകളെ കുത്തിക്കൊന്നാല്‍ അത് സാധാരണം, മാനസിക ബുദ്ധിമുട്ടിന് ചികിത്സ തേടുന്നുവെന്ന് പറഞ്ഞാല് വലിയ തെറ്റ്: അര്‍ച്ചന കവി

ആരാണ് നിര്‍മാതാവ് എന്ന് അദ്ദേഹം ചോദിച്ചു. എന്റെ പക്കലുള്ള നിര്‍മാതാക്കളോടു സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞു.

വൈകുന്നേരത്തിനുള്ളില്‍ മറുപടി പറയാമെന്ന് അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഞാന്‍ ചെന്നൈയിലേക്കു തിരിച്ചു പോന്നു. അടുത്ത ദിവസം രാവിലെ എനിക്ക് അദ്ദേഹത്തിന്റെ ഫോണ്‍ വിളി എത്തി.

എവിടെയുണ്ടെന്ന് ചോദിച്ചു. ഞാന്‍ ചെന്നൈയിലേക്കു പോന്നു എന്ന് പറഞ്ഞു. നമുക്ക് വേഗം ഷൂട്ട് തുടങ്ങാം, കൊച്ചിയിലേക്ക് എത്താന്‍ പറഞ്ഞു.

10 ദിവസം നമുക്ക് ഷൂട്ട് ചെയ്യാം. ഞാന്‍ തന്നെ നിര്‍മാതാവ് എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് സിനിമ തുടങ്ങുന്നത്,’ ഗൗതം വാസുദേവ് മോനോന്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’.

Content Highlight: Goutham Vasudev Menon about Dominic and the ladies Purse