അന്‍പോട് കണ്‍മണി എന്ന സിനിമാ സെറ്റില്‍ നടന്ന രസകരമായ ഒരു കഥ പങ്കുവെക്കുകയാണ് നടി മാലാ പാര്‍വതി. നടന്‍ നവാസ് വള്ളിക്കുന്നുമൊത്തുള്ള ഒരു അനുഭവമാണ് മാലാ പാര്‍വതി പറഞ്ഞത്.
നവാസിനോട് അദ്ദേഹത്തിന്റെ ‘തമാശ’ സിനിമയിലെ പ്രകടനത്തെ കുറിച്ച് സംസാരിച്ചതും കേട്ടപാതി കേള്‍ക്കാത്ത പാതി നവാസ് ഓടിക്കളഞ്ഞെന്ന് മാലാ പാര്‍വതി പറയുന്നു.
കാര്യം എന്താണെന്ന് മനസിലാവാതെ താനും പിന്നാലെ ഓടിയെന്നും ഇതുകണ്ടതോടെ നവാസ് കൂടുതല്‍ വേഗത്തില്‍ അവിടെ നിന്നും ഓടിപ്പോയെന്നും മാലാ പാര്‍വതി പറയുന്നു.
‘ ഞാന്‍ നവാസിനെ ആദ്യമായി കാണുന്നത് തമാശയിലൂടെയാണ്. അങ്ങനെ ഞാന്‍ നവാസിന്റെ നമ്പറൊക്കെ കണ്ടുപിടിച്ച് വിളിച്ചു.
നവാസേ, പൊളിയാണ് എന്നൊക്കെ പറഞ്ഞിരുന്നു. അതിന് ശേഷം ഞാന്‍ നവാസിനെ ആദ്യമായി കാണുകയാണ്.
ഞാന്‍ അടുത്ത് ചെന്ന് നവാസേ, നിങ്ങളുടെ അഭിനയം അടിപൊളിയാണ് കേട്ടോ ഒരുമിച്ച് അഭിനയിക്കാനായതില്‍ വലിയ സന്തോഷം ഉണ്ട് എന്നൊക്കെ പറഞ്ഞു തുടങ്ങിയതും ഞാന്‍ നോക്കുമ്പോള്‍ ഒരാളുണ്ട് ഓടുന്നു.
നമ്മള്‍ സംസാരിച്ചോണ്ടിരിക്കുമ്പോള്‍ ഒരാള്‍ ഓടുന്നു. ഇതെന്താ സംഭവിക്കുന്നതെന്ന് തോന്നി. ഞാന്‍ പിറകെ ഓടി. അപ്പോള്‍ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നവാസ് സ്പീഡില്‍ ഓടുകയാണ്,’ മാലാ പാര്‍വതി പറഞ്ഞു.
എന്തിനാണ് അന്ന് ഓടിയതെന്ന ചോദ്യത്തിന് തനിക്ക് ഭയങ്കര സന്തോഷം വന്നെന്നും അങ്ങനെ സംഭവിച്ചതാണെന്നുമായിരുന്നു നവാസിന്റെ മറുപടി.
‘ചേച്ചി അങ്ങനെ പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷമായി. നമ്മള്‍ അത്രയും ഇഷ്ടപ്പെടുന്ന ആളാണ്. അന്ന് എന്നെ വിളിച്ചപ്പോള്‍ തന്നെ സന്തോഷമായി.
ആ ചേച്ചി നമ്മുടെ അഭിനയം നന്നായെന്ന് നേരിട്ട് പറഞ്ഞപ്പോള്‍ എനിക്ക് സഹിക്കാനായില്ല. ഞാന്‍ ഇറങ്ങി ഓടി. പിന്നെ ചേച്ചി സെറ്റില്‍ വരുമ്പോഴൊക്കെ ഞാന്‍ മുങ്ങും.
ഇപ്പോഴും ഞാന്‍ ആലോചിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന്. സത്യത്തില്‍ എനിക്ക് അറിയില്ല. സന്തോഷം കൊണ്ടാണ്. അത് എങ്ങനെയാണ് പ്രകടിപ്പിക്കുന്നതെന്ന് അറിയില്ല. താങ്ക് യൂ..ചേച്ചീ,’ നവാസ് പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് താന്‍ പറഞ്ഞ കാര്യത്തിനാണ് ഇപ്പോള്‍ നന്ദി പറഞ്ഞതെന്നും അന്നത്തെ സംഭവത്തിന് ശേഷം തന്റെ മുഖത്തേക്ക് നവാസ് നോക്കിയിട്ടില്ലെന്നുമായിരുന്നു ഇതോടെ മാലാ പാര്‍വതി പറഞ്ഞത്.
നവാസിനെ പിന്നെ എപ്പോള്‍ കാണുമ്പോഴും ഓക്കെ ആണോ നവാസേ എന്ന് താന്‍ ചോദിക്കുമെന്നും മാലാ പാര്‍വതി പറഞ്ഞു.
Content Highlight: Navas Vallikkunnu and Maala Parvathy share a Funny Incident during shoot