ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സിലൂടെ മലയാളത്തിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സുഷ്മിത ഭട്ട്. നന്ദിത എന്ന കഥാപാത്രത്തെ തുടക്കക്കാരിയുടെ ഒരു പതര്‍ച്ചയുമില്ലാതെ സുഷ്മിത മനോഹരമാക്കി.
കഥാപാത്രത്തിന് ഡബ്ബ് ചെയ്തതും സുഷ്മിത തന്നെയായിരുന്നു. തന്റെ മലയാളം മോശമായതുകൊണ്ട് മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്യിക്കാമെന്നായിരുന്നു ഗൗതം വാസുദേവ് മേനോന് പറഞ്ഞതെന്നും എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം തന്നെ കൊണ്ട് തന്നെ ഡബ്ബ് ചെയ്യിക്കുകയായിരുന്നെന്നും സുഷ്മിത പറയുന്നു.
ആദ്യം മലയാളം ഡയലോഗുകളായിരുന്നു എനിക്ക് നല്‍കിയിരുന്നത്. എന്റെ മലയാളം ഉച്ചാരണം തൃപ്തികരമായിരുന്നില്ല. എനിക്ക് അതില്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നു.
അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല, നമുക്ക് മറ്റാരെക്കൊണ്ടെങ്കിലും ഡബ്ബ് ചെയ്യിക്കാമെന്നു സംവിധായകന് എന്നെ സമാധാനിപ്പിച്ചിരുന്നു. എന്റേത് ടിപ്പിക്കല്‍ സ്ത്രൈണ ശബ്ദമല്ല, കുറച്ച് ബാസുള്ള വോയ്സാണ്.
മമ്മൂട്ടി എന്റെ ശബ്ദത്തിനു പ്രത്യേകതയുണ്ടെന്നും കഥാപാത്രത്തിനു ഇണങ്ങുമെന്നും അവര്‍ തന്നെ ഡബ്ബ് ചെയ്യട്ടെ എന്നു പറഞ്ഞു. മലയാളം സംസാരിക്കുന്ന പെണ്കുട്ടിയായിട്ടായിരുന്നു കഥാപാത്രത്തെ ആദ്യം നിശ്ചയിച്ചിരുന്നത്.
തമിഴ് സംസാരിക്കുന്ന മലയാളി പെണ്കുട്ടിയെന്നൊരു പ്ലാന്‍ ബിയും അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. മമ്മൂട്ടിയുടെ പിന്തുണ കൂടിയായപ്പോള്‍ പ്ലാന്‍ ബി നടപ്പിലാക്കാന്‍ സംവിധായകനും സംഘവും തീരുമാനിക്കുകയായിരുന്നു.
സിനിമ കാണുമ്പോള്‍ നന്ദിതയുടെ കഥാപാത്രത്തിനു അത് അനുയോജ്യമായി എന്നു തോന്നി,’ സുഷ്മിത പറയുന്നു.
ഒപ്പം മമ്മൂട്ടിയോടൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ചെയ്യുമ്പോഴുണ്ടായ ടെന്‍ഷനെ കുറിച്ചും താരം സംസാരിച്ചു.
‘മമ്മൂട്ടിയെന്ന മഹാനടനൊപ്പം സ്ക്രീന്‍ പങ്കിടുമ്പോള്‍ സന്തോഷത്തേക്കാള്‍ ഏറെ ടെന്‍ഷനിലായിരുന്നു ഞാന്‍. എന്നെ സംബന്ധിച്ചടത്തോളം മമ്മൂട്ടി ഒരു പര്‍വ്വതത്തിന്റെ മുകളില്‍ ഇരിക്കുന്ന വ്യക്തിയും ഞാന്‍ മല കയറാന്‍ തുടങ്ങുന്ന കുട്ടിയുമാണ്.
അദ്ദേഹത്തിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ക്കു മുമ്പ് ഞാന്‍ കഷ്ടപ്പെട്ടു ഡയലോഗുകള്‍ പഠിക്കുകയും സംവിധായകനോട് നിരന്തരം സംവദിക്കുകയും ചെയ്തിരുന്നു.
മമ്മൂട്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ഞാന്‍ കാരണം നഷ്ടപ്പെടരുതെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു, സുഷ്മിത പറയുന്നു.
Content Highlight: Susmitha Bhat Dominic actress about Movie