എ.ആര്‍.എം റിലീസിന് മുന്‍പ് ഒരു ബിസിനസും നടന്നില്ല; കോടികള്‍ തന്ന് സഹായിച്ചത് പൃഥ്വിയും അന്‍വര്‍ റഷീദും: ലിസ്റ്റിന്‍ സ്റ്റീഫന്‍

/

‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ റിലീസ് സമയത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും അന്ന് പണം തന്ന് സഹായിച്ചവരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. എ.ആര്‍.എം സക്‌സസ് സെലിബ്രേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍.

തങ്ങളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് ഒരു ബിസിനസ്സും നടന്നില്ലെന്നും റിലീസിന് മുന്‍പ്
ഫിനാന്‍സ് എടുത്ത തുകകള്‍ തിരിച്ചു കൊടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഫൈനല്‍ സെറ്റില്‍മെന്റിന് കോടികള്‍ ആവശ്യമായി വന്നെന്നും ലിസ്റ്റിന്‍ പറഞ്ഞു.

അന്ന് തന്റെ ഒരു കോളില്‍ സഹായിച്ചത് പൃഥ്വിരാജ് സുകുമാരനും അന്‍വര്‍ റഷീദുമാണെന്നും ലിസ്റ്റിന്‍ പറയുന്നു.

‘അജയന്റെ രണ്ടാം മോഷണം വലിയ സിനിമയായി മാറണമെന്ന ആഗ്രഹം ഞങ്ങള്‍ക്കെല്ലാവര്‍ക്കും തുടക്കം മുതലേ ഉണ്ടായിരുന്നു. എ.ആര്‍.എം എന്ന പാന്‍ ഇന്ത്യന്‍ ടൈറ്റില്‍ ഉണ്ടാക്കിയതു തന്നെ അങ്ങനെയാണ്.

ഞാന്‍ തന്നെ ഡബ്ബ് ചെയ്താല്‍ മതിയെന്ന് മമ്മൂക്ക; ഒടുവില്‍ അവര്‍ പ്ലാന്‍ ബി നടപ്പാക്കി: സുഷ്മിത ഭട്ട്

ഈ സിനിമ പദ്ധതിയിട്ട സമയത്ത് മലയാളത്തില്‍ വലിയ ബിസിനസ് സാധ്യതകള്‍ ഉളള സമയമായിരുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ ഫൈനല്‍ ഔട്ട് കാണിച്ച ശേഷം ബിസിനസ്സ് ചെയ്യാം എന്നതായിരുന്നു തീരുമാനം.

മുമ്പും ഇതിലും ചെറിയ സിനിമകള്‍ നല്ല രീതിയില്‍ ബിസിനസ് ചെയ്തിട്ടുണ്ട്. ടൊവിനോയുടെ സിനിമയായതുകൊണ്ടും കൂടുതല്‍ പൈസ ചോദിക്കാം എന്നും തീരുമാനിച്ചു.

ഒരു ടൊവിനോ ചിത്രത്തിന് അന്ന് നല്‍കാവുന്നതില്‍വച്ച് ഏറ്റവും കൂടുതല്‍ തുക വേണമെന്നായിരുന്നു ആഗ്രഹം. കാരണം ഈ സിനിമയ്ക്ക് അത്രയും വലുപ്പമുണ്ടായിരുന്നു.

എന്നാല്‍ ഈ ചിത്രത്തിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല, പക്ഷേ ഇത് റിലീസ് ചെയ്യുന്ന സമയത്ത് ഒരു ബിസിനസ്സും നടന്നില്ല. റിലീസ് ചെയ്തതിനു ശേഷമാണ് ഇതിന്റെ എല്ലാ ബിസിനസ്സും നടന്നത്.

ഈ സിനിമ ബിസിനസ് ആകാതിരുന്ന സമയത്ത്, അല്ലെങ്കില്‍ ഞങ്ങള്‍ പറഞ്ഞ തുകയ്ക്ക് ഓക്കെ ആകാതിരുന്നപ്പോള്‍ ഇതിന്റെ ഫൈനല്‍ സെറ്റില്‍മെന്റിന് കോടികളാണ് എനിക്ക് ആവശ്യമായി വന്നത്.

അവരൊക്കെ പറയുമ്പോള്‍ ആളുകള്‍ ചിരിക്കാന്‍ റെഡിയാണ്, നമ്മുടെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല: ബിജു മേനോന്‍

അന്ന് എന്റെ ഒരു കോളില്‍ സഹായിച്ച പൃഥ്വിരാജ് സുകുമാരനാണ്. പിന്നീട് കുറച്ച് കൂടി പൈസ വേണ്ട സമയത്ത് ആ തുക അക്കൗണ്ടില്‍ ഇട്ടു സഹായിച്ചത് അന്‍വര്‍ റഷീദുമാണ് ഇവരോടുള്ള നന്ദി ഞാന്‍ അവസരത്തില്‍ പറയുകയാണ്.

ഇത്രയും സിനിമകള്‍ നിര്‍മിച്ചിട്ടും എനിക്ക് ഒരു നൂറ് കോടി ക്ലബ്ബ് കിട്ടിയിരുന്നില്ല. എന്റെയൊരു സിനിമ നൂറ് കോടി കടന്നതിന് ഇതിന്റെ തിരക്കഥാകൃത്തിനും സംവിധായകനോടും നന്ദി പറയുന്നു. എ.ആര്‍.എമ്മിന്റെ സാറ്റലൈറ്റ്, ഡിജിറ്റല്‍, ഓഡിയോ എന്നീ തുകകള്‍ ഇനിയും കിട്ടാനുണ്ട്. അത് കിട്ടുന്ന പക്ഷം ഒരു മാരുതി 800 ആയിട്ടെങ്കിലും നിങ്ങളുടെ വീടിനു മുന്നില്‍ ഞാന്‍ വരും ‘ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Content Highlight: Listin Stephen about Prithviraj and Anwar Rasheed and ARM