വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹനന്‍ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രത്തില്‍ ഗോപിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ കയ്യടി നേടുകയാണ് കണ്ണൂര്‍ സ്വദേശിനിയായ ഐശ്വര്യ മിഥുന്‍.
പൊറാട്ട് നാടകം എന്ന ചിത്രത്തില്‍ സൈജു കുറുപ്പിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ.
തികച്ചും അപ്രതീക്ഷിതമായിട്ടാണ് ‘ഒരു ജാതി ജാതകം’ എന്ന സിനിമയില്‍ താന്‍ എത്തിയതെന്ന് ഐശ്വര്യ പറയുന്നു.
‘ഒരിക്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറെ മെസജ് കണ്ടു. വെറുതെ തുറന്നു നോക്കിയപ്പോഴാണ് ഒരു സിനിമയിലേക്കുള്ള ക്ഷണം വന്നു കിടക്കുന്നത് കണ്ടത്.
അത് കണ്ടപ്പോള്‍ ഒറിജിനല്‍ ആണെന്നു തോന്നി. കണ്ണൂരില്‍ സ്‌ക്രീന്‍ ടെസ്റ്റിന് ചെല്ലാന്‍ പറഞ്ഞു, അവിടെ ചെന്നപ്പോള്‍ തിരക്കഥാകൃത്തും കാസ്റ്റിങ് ഡയറക്ടറും ഒക്കെ ഉണ്ടായിരുന്നു.
അതില്‍ കുറെ കഥാപാത്രങ്ങള്‍ ചെയ്തു നോക്കി. ഒടുവിലാണ് ഗോപിക എന്ന കഥാപാത്രത്തിലേക്ക് എന്നെ കാസ്റ്റ് ചെയ്തത്.
ഗോപിക എന്ന കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടമായി. വിനീതേട്ടന്റെ കൂടെ ആയിരുന്നു എനിക്ക് കോംബിനേഷന്‍. വളരെ രസകരമായിരുന്നു ഷൂട്ട്. അദ്ദേഹം സീനിയര്‍ ആയ ആര്‍ട്ടിസ്റ്റ് അല്ലേ, എനിക്ക് ഓരോന്ന് പോയി ചോദിയ്ക്കാന്‍ പേടി ആയിരുന്നു.
പക്ഷേ, വിനീതേട്ടന്‍ വളരെ കൂള്‍ ആയിട്ടാണ് പെരുമാറിയത്. വിനീതേട്ടന്‍ തന്നെ ‘നമുക്ക് ഡയലോഗ് പറഞ്ഞു നോക്കാം’ എന്ന് എന്നോട് വന്നു പറഞ്ഞു, അത് കേട്ടപ്പോള്‍ എന്റെ ടെന്‍ഷന്‍ ഒക്കെ പോയി.
എന്റെ വിവാഹം 19ാം വയസ്സില്‍ ആയിരുന്നു. എന്റെ വിവാഹവും ജാതകം നോക്കിയാണ് നടത്തിയത്. ആ സമയത്ത് കല്യാണം കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഒരുപാട് താമസിക്കും എന്ന് ജാതകത്തില്‍ ഉള്ളതുകൊണ്ടാണ് ചെറിയ പ്രായത്തില്‍ വിവാഹം നടത്തിയത്. അതുകൊണ്ട് തന്നെ ഈ സിനിമ എനിക്ക് വ്യക്തിപരമായി റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു,’ ഐശ്വര്യ പറയുന്നു.
Content Highlight: Oru Jaathi Jathakam Actress Aishwarya about her Character