നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കെട്ട്യോളാണെന്റെ മാലാഖ. ആസിഫ് അലി ആയിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്. തിയേറ്ററില്‍ വലിയ വിജയമായ ചിത്രം ആസിഫിന്റെ കരിയറിലും വലിയ ഗ്രോത്തുണ്ടാക്കി. ഒരു തനി നാട്ടിന്‍പുറത്തുകാരനായ കര്‍ഷനകായി ആസിഫ് ചിത്രത്തില്‍ മികച്ച പ്രകടനം നടത്തി. സിനിമയില്‍ നിന്നും വെട്ടിമാറ്റിയ ചില രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി. ക്ലൈമാക്‌സിനോടടുത്ത ചില രംഗങ്ങള്‍ ചിത്രീകരിച്ചെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു എന്നാണ് ആസിഫ് പറയുന്നത്.
ക്ലൈമാക്‌സ് രംഗത്തില്‍ ആസിഫ് അവതരിപ്പിച്ച സ്ലീവാച്ചനും റിന്‍സിയും തമ്മില്‍ സംസാരിക്കുന്ന നിര്‍ണായകമായ ഒരു രംഗമാണ്. ആ രംഗം ഒരു പോയിന്റ് വരെ ഷൂട്ട് ചെയ്ത ശേഷം സംവിധായകന്‍ നിഷാം ബഷീര്‍ കട്ട് വിളിക്കുകയായിരുന്നു എന്നാണ് ആസിഫ് പറയുന്നത്.
തങ്ങള്‍ തമ്മിലുള്ള സംഭാഷണം ഷൂട്ട് ചെയ്തുകൊണ്ടിരിക്കെ ഒരു പോയിന്റെത്തിയപ്പോള്‍ സംവിധായകന്‍ കട്ട് വിളിക്കുകയായിരുന്നെന്നും ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായില്ലെന്നുമാണ് ആസിഫ് പറയുന്നത്.
‘കെട്ട്യോളാണെന്റെ മാലാഖയുടെ ക്ലൈമാക്സില്‍ മൂന്ന് പേജ് കൂടെ ഡയലോഗ് ഉണ്ടായിരുന്നു. റിന്‍സിയുടെ കൂടെ ബെഡ്ഡില്‍ കയറിയിരുന്നിട്ടുള്ള സംഭാഷണം ഒരു പോയിന്റെത്തിയപ്പോള്‍ നിസാം കട്ട് വിളിച്ചു. ‘നമ്മള്‍ പറയാനുദ്ദേശിച്ചത് ഇതാണ്. നമ്മള്‍ ആ കാര്യം കണ്‍വേ ചെയ്തു. ഇനിയങ്ങോട്ട് വലിച്ചുനീട്ടണോ’ എന്ന് നിസാമും തങ്കവും തമ്മില്‍ ചര്‍ച്ച ചെയ്തു.
ആ ഒരു കാര്യം ഓര്‍ഗാനിക്കായി സംഭവിച്ചതാണ്. ഇനിയും സ്ലീവാച്ചന്‍ സംസാരിച്ചുകൊണ്ടിരുന്നാല്‍ അതിന്റെ ഭംഗി ചിലപ്പോള്‍ പോകും. തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് അങ്ങനെ സംസാരിക്കാന്‍ പറ്റിയത്.
വേണമെങ്കില്‍ തങ്കത്തിന് പറയാമായിരുന്നു, ‘ഞാനെഴുതിയ സ്‌ക്രിപ്റ്റാണ്, ഷൂട്ട് ചെയ്തേ പറ്റൂ’ എന്നൊക്കെ. പക്ഷേ അദ്ദേഹം മറുത്തൊന്നും പറയാന്‍ നിന്നില്ല. അതു തന്നെയായിരുന്നു ആ രംഗത്തിന്റെ ഭംഗിയും,’ ആസിഫ് പറഞ്ഞു.