അഴകിയ രാവണന്‍ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ കമല്‍. ചിത്രത്തിലേക്ക് സംഗീത സംവിധായകന്‍ വിദ്യാസാഗറിനെ സജസ്റ്റ് ചെയ്യുന്നത് മമ്മൂട്ടിയാണെന്നും കൈതപ്രം വലിച്ചെറിഞ്ഞ കവിതയാണ് പിന്നീട് വെണ്ണിലാച്ചന്ദനക്കിണ്ണമെന്ന മനോഹരമായ ഗാനമായി മാറിയതെന്നുമാണ് കമല്‍ പറയുന്നത്.
‘ വിദ്യാസാഗറിനെ അഴകിയ രാവണനിലേക്ക് സജസ്റ്റ് ചെയ്യുന്നത് മമ്മൂട്ടിയാണ്. രാവിലെയാണ് കമ്പോസിങ്ങിന് ഇരിക്കുന്നത്. അങ്ങനെ സിനിമയിലെ ഓരോ സിറ്റുവേഷനും പറഞ്ഞുകൊടുത്ത ശേഷം കൈതപ്രം പാട്ടെഴുതാനായി റൂമിലേക്ക് പോയി.
എന്നാല്‍ കൈതപ്രം എഴുതാനായി ഇരുന്നിട്ട് എത്രയായിട്ടും ശരിയാകുന്നില്ല. രാത്രി ഭക്ഷണം കഴിക്കാനായി വന്നപ്പോള്‍ ഞാന്‍ എത്ര എഴുതിയിട്ടും ശരിയാകുന്നില്ല എന്ന് പറഞ്ഞു. ഇതിന് മുന്‍പും അങ്ങനെ സംഭവിച്ചിട്ടുണ്ട്.
ചിലപ്പോള്‍ ഞാന്‍ കിടന്നു ഉറങ്ങുമ്പോഴൊക്കെയായിരിക്കും പാട്ടിന്റെ എഴുത്തുമായി വിളിക്കുക. അങ്ങനെ പുലര്‍ച്ചെ രണ്ട് മണിക്ക് എന്നെ വിളിച്ചു. ഞാന്‍ റൂമിലേക്ക് ചെല്ലുമ്പോള്‍ അദ്ദേഹം കിടക്കുകയാണ്. പലതും എഴുതി ശരിയാകുന്നില്ല, എന്ന് പറഞ്ഞ് ഫയലില്‍ കുറേ വരികള്‍ കാണിച്ചു. എനിക്ക് ഇതൊന്നും തൃപ്തി വരുന്നില്ല നോക്കാമോ എന്ന് ചോദിച്ചു.
ഞാന്‍ നോക്കിയപ്പോള്‍ എനിക്കും തൃപ്തി വന്നില്ല. അങ്ങനെ റൂമില്‍ നോക്കുമ്പോള്‍ കുറേ കടലാസ് ചുരുട്ടി നിലത്തിട്ടിട്ടുണ്ട്. ഇതെന്താണെന്ന് ചോദിച്ച് ഞാന്‍ വെറുതെ എടുത്ത് തുറന്ന് നോക്കിയപ്പോള്‍ അത് നോക്കേണ്ടെന്ന് പറഞ്ഞു. എഴുതി ശരിയാകാതെ ചുരുട്ടിയെറിഞ്ഞതാണെന്ന് പറഞ്ഞു.
വെറുതെ നോക്കട്ടെ എന്ന് പറഞ്ഞ് ഞാന്‍ ഓരോ കടലാസായി നോക്കിത്തുടങ്ങി. അതില്‍ ഒരു കടലാസ് എടുത്ത് നോക്കിയപ്പോള്‍ അതില്‍ വെണ്ണിലാച്ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ എന്ന് എഴുതിയിരിക്കുന്നു. ഇത് നല്ല വരിയാണല്ലോ തിരുമേനി എന്ന് ഞാന്‍ പഞ്ഞു.
ഇതുമതിയോ എന്ന് ചോദിച്ച് പുള്ളി അത് വാങ്ങി. അത് രണ്ടാമത് എഴുതിയിട്ട് പിറ്റേന്ന് വിദ്യാസാഗറിനെ കേള്‍പ്പിച്ചു. വിദ്യാസാഗര്‍ പാടി നോക്കി. അങ്ങനെയാണ് ആ പാട്ട് ഉണ്ടാകുന്നത്.
അതുപോലെ അതേ ദിവസം കമ്പോസിങ്ങിന് ഇരിക്കുകയാണ് പ്രണയമണിത്തൂവല്‍ എന്ന ഗാനമാണ് ചെയ്യേണ്ടത്. സിറ്റുവേഷന്‍ പറഞ്ഞു.
ഒരു വാക്ക് എല്ലാ വരികളുടെ അവസാനം ഒരുപോലെ കിട്ടുകയാണെങ്കില്‍ രസമുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വിദ്യാസാഗര്‍ ട്യൂണിട്ടു. പല വാക്കുകളും കൈതപ്രം പറഞ്ഞു ശരിയാകുന്നില്ല. മഴ എന്ന വാക്ക് മീറ്ററില്‍ നില്‍ക്കുമോ എന്ന് ഞാന്‍ ചോദിച്ചു. വിദ്യാസാഗര്‍ അത് കൊള്ളാമെന്ന് പറഞ്ഞ് ഉടന്‍ തന്നെ ഒരു ട്യൂണ്‍ പാടി. അതാണ് നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന പ്രണയമണിത്തൂവല്‍ പൊഴിയും എന്ന പാട്ട്.
ഇതൊക്കെ പെട്ടെന്ന് സംഭവിക്കുന്നതാണ്. അവിടെ ഇരുന്ന് തന്നെയാണ് കൈതപ്രം അതിന്റെ വരികള്‍ എഴുതുന്നത്. ഈ പാട്ടുകളെല്ലാം വലിയ ഹിറ്റായി. ഇന്നും ആളുകള്‍ പാടിനടക്കുന്ന ഗാനങ്ങളായി,’ കൈതപ്രം പറഞ്ഞു.