ആദ്യ ചിത്രമായ കാട്ടുചെമ്പകത്തിന്റെ പരാജയത്തിന് ശേഷം തന്റെ കരിയർ ഉയർത്തുന്നതിൽ അനൂപ് മേനോനെ വലിയ രീതിയിൽ സഹായിച്ച ചിത്രമാണ് തിരക്കഥ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥിരാജ്,അനൂപ് മേനോൻ,പ്രിയാമണി, സംവൃത സുനിൽ എന്നിവരായിരുന്നു പ്രധാന താരങ്ങൾ.
ആദ്യചിത്രമായ കാട്ടുചെമ്പകത്തിന്റെ പരാജയത്തിന് ശേഷം ഭാഗ്യമില്ലാത്ത നടൻ എന്ന് പറഞ്ഞ് ഒരുപാട് സിനിമകളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്നും സംവിധായകൻ വിനയന്റെ സിനിമയായതിനാൽ കാട്ടുചെമ്പകത്തിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അനൂപ് മേനോൻ പറയുന്നു.
എന്നാൽ ചിത്രം പരാജയപ്പെട്ടപ്പോൾ മുൻകൂട്ടി തീരുമാനിച്ചിരുന്ന പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു. ആറു വർഷത്തെ ഇടവേളക്ക് ശേഷം തിരക്കഥ എന്ന ചിത്രം ലഭിച്ചപ്പോൾ ഒരു ലോട്ടറി കിട്ടിയ പോലെയാണ് തനിക്ക് തോന്നിയതെന്നും അനൂപ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഭാഗ്യമില്ലാത്ത നടൻ എന്ന് പറഞ്ഞ് മാറ്റി നിർത്തിയ എത്രയോ സിനിമകൾ നമുക്കുണ്ട്. കാട്ടുചെമ്പകത്തിന്റെ റിലീസിന് മുമ്പ് എല്ലാവർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു ആ ചിത്രത്തെ കുറിച്ച്. പ്രത്യേകിച്ച് വിനയൻ സാർ ചെയ്യുന്ന സിനിമയാണ്. അദ്ദേഹം ഹിറ്റ് മാത്രമേ എന്നും തന്നിട്ടുള്ളൂ.
അങ്ങനെയുള്ള ഒരാളാണ് അദ്ദേഹം. ചിത്രം തീർച്ചയായും ഹിറ്റായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്റെ കയ്യിൽ പുതിയ സിനിമകളുടെ ആറോ ഏഴോ ചെക്കുകൾ ഉണ്ടായിരുന്നു. ഇവിടുത്തെ പ്രധാന സംവിധായകരുടേതാണ്.
എന്നാൽ കാട്ടുചെമ്പകം പൊട്ടിയതിന് ശേഷം ഓരോ ദിവസമായി അവരുടെ കോൾ വരുകയാണ്. ചെക്കിൽ ഡേറ്റിൽ ചെറിയ പ്രശ്നമുണ്ടെന്ന് പറഞ്ഞിട്ടും അല്ലെങ്കിൽ ബാങ്ക് മാറി പോയി ഞാൻ വേറേ തരാമെന്ന് പറഞ്ഞൊക്കെ എല്ലാ നിർമാതക്കളും എന്നെ വിളിച്ചത്. അങ്ങനെ അതെല്ലാം സംഭവിച്ചു.
Also Read: മോഹന്ലാലിനും മുകളിലെത്തേണ്ട നടനായിരുന്നു, പക്ഷേ അബദ്ധം പറ്റി; മമ്മൂട്ടിയും ആ നടനെ പറ്റി എന്നോട് പറഞ്ഞിരുന്നു: ബൈജു അമ്പലക്കര |
പിന്നെ ഒരു ആറ് വർഷത്തോളം എനിക്ക് സിനിമയൊന്നും ഇല്ലായിരുന്നു. തിരക്കഥ തേടി വന്നപ്പോൾ എനിക്ക് കൂടുതലൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു. അപാരമായ ഒരു ലോട്ടറി അടിച്ച യാചകന്റെ ഒരു ഫീലായിരുന്നു തിരക്കഥ തേടി വന്നപ്പോൾ,’അനൂപ് മേനോൻ പറയുന്നു.
Content Highlight: Anoop Menon Talk About Thirakkadha Movie