ചുരുങ്ങിയ കാലങ്ങൾക്കിടയിൽ മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വലിയ പ്രേക്ഷക സ്വീകാര്യത നേടിയ നടിയാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കകാലത്ത് തന്നെ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്ത നടിയാണ് മീര.
അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള മീര ഒരേ കടൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ്.
താൻ ഏറ്റവും സീരിയസാണെന്ന് കരുതിയ ആളാണ് മമ്മൂട്ടിയെന്നും എന്നാൽ സത്യത്തിൽ അങ്ങനെയല്ലെന്നും മീര പറയുന്നു. ഒരേ കടലിൽ തനിക്കൊരു അവാർഡ് ലഭിച്ചപ്പോൾ തന്റെ അഭാവത്തിൽ മമ്മൂട്ടിയാണ് ആ അവാർഡ് വാങ്ങിയതെന്നും അദ്ദേഹത്തെ പോലൊരു സൂപ്പർ സ്റ്റാറിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും മീര പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു മീര.
Also Read: അത്തരം കഥാപാത്രങ്ങള് എനിക്ക് ദോഷം ചെയ്യുമെന്ന് അന്ന് ആ സംവിധായകന് ഉപദേശിച്ചു: അശോകന് |
‘സിനിമയിൽ ഏറ്റവും സീരിയസാണെന്ന് ഞാൻ കരുതിയ വ്യക്തിയാണ് മമ്മൂക്ക. പക്ഷെ സത്യത്തിൽ അദ്ദേഹം അങ്ങനെയൊന്നുമല്ല. അദ്ദേഹം വളരെ കൂളാണ്. ഞങ്ങൾ ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് ഒരേകടൽ.
അത് ഒരുപാട് ഡീപ്പായിട്ടുള്ള ഒരു കഥാപാത്രമാണ്. ഇന്റൻസായി ചെയ്യേണ്ട വേഷമായിരുന്നു. അതിൽ മമ്മൂക്കയുടെ നെഞ്ചിൽ കടിക്കുന്ന സീനൊക്കെയുണ്ട്. അതൊക്കെ ഇപ്പോഴും മറക്കാൻ പറ്റില്ല.
ഒരേകടലിലെ എന്റെ പ്രകടനത്തിന് മമ്മൂക്ക ഒരു അവാർഡ് എനിക്ക് വേണ്ടി വാങ്ങിച്ചിട്ടുണ്ട്. ആ പരിപാടിക്ക് ഞാൻ ഇല്ലായിരുന്നു. മമ്മൂക്ക സ്റ്റേജിൽ കയറി എനിക്കുള്ള അവാർഡ് വാങ്ങിയെന്ന് ശ്യാം സാറാണ് എന്നോട് പറഞ്ഞത്. അദ്ദേഹത്തെ പോലൊരു സീനിയർ ആക്ടർ അത് ചെയ്യേണ്ട ആവശ്യമില്ല. പക്ഷെ മമ്മൂക്ക അത് ചെയ്തു,’മീര ജാസ്മിൻ പറയുന്നു.
Content Highlight: Meera Jasmin Talk About Ore Kadal Movie And Mammootty