പി. പത്മരാജന് രചനയും സംവിധാനവും നിര്‍വഹിച്ച് 1986ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് കരിയിലക്കാറ്റു പോലെ. സുധാകര്‍ മംഗളോദയം രചിച്ച ശിശിരത്തില്‍ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കിയാണ് ഈ സിനിമ വന്നത്.
സംവിധായകന് ഹരികൃഷ്ണന്റെ കൊലപാതകം അന്വേഷിക്കുന്ന ഡി.വൈ.എസ്.പി. അച്യുതന്കുട്ടിയുടെ കഥയാണ് സിനിമ പറഞ്ഞത്. മോഹന്‍ലാലും മമ്മൂട്ടിയും റഹ്മാനും ഒന്നിച്ച ഈ ചിത്രത്തില്‍ ശ്രീപ്രിയ, ഉണ്ണി മേരി എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു.
മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ‘കരിയിലക്കാറ്റു പോലെ’ എന്ന ഈ സിനിമയില്‍ കാര്‍ത്തികയും അഭിനയിച്ചിരുന്നു. തന്നെ ആ സിനിമയില്‍ കാസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ താന്‍ കരഞ്ഞിരുന്നു എന്ന് പറയുകയാണ് കാര്‍ത്തിക. മംഗളം മീഡിയ നെറ്റ്വര്ക്കില് സംസാരിക്കുകയായിരുന്നു നടി.
‘സാര്‍ എന്നെ ഒരു സിനിമയില്‍ കാസ്റ്റ് ചെയ്യുന്നുവെന്ന് പറഞ്ഞതും ഞാന്‍ കരഞ്ഞു. സിനിമയില്‍ എനിക്ക് ചെയ്യാനുള്ളത് മമ്മൂട്ടിയുടെ മകളുടെ റോളാണെന്ന് അന്ന് തന്നെ എന്നോട് പറഞ്ഞിരുന്നു. അത് കേട്ടതും ‘മമ്മൂട്ടിയുടെ മോളോ, എന്നാല്‍ ഞാനില്ല’ എന്ന് പറഞ്ഞ് പിന്നെയും ഒരുപാട് കരഞ്ഞു. അന്ന് അദ്ദേഹം ഒന്നും മിണ്ടാതെ നിന്നു, അപ്പോഴേക്കും പെട്ടെന്ന് ലൈറ്റ് വന്നു.
അത്രനേരം ആ സിനിമ ചെയ്യില്ലെന്ന് പറഞ്ഞ് നിന്ന ഞാന്‍ ലൈറ്റ് വന്നതും പെട്ടെന്ന് ചെയ്യാമെന്ന് പറഞ്ഞു. അതെന്തിനാണ് ഞാന്‍ സമ്മതിച്ചതെന്ന് എനിക്ക് അറിയില്ല. അല്ലെങ്കിലും ഞാന്‍ അങ്ങനെയാണ്, എല്ലാത്തിനും നോ പറയും. പക്ഷെ അഞ്ച് മിനുട്ട് കഴിഞ്ഞാല്‍ യെസ് പറഞ്ഞുപോകും. അങ്ങനെയാണ് ഞാന്‍ ‘കരിയിലക്കാറ്റ് പോലെ’ എന്ന സിനിമയിലേക്ക് വരുന്നത്,’ കാര്‍ത്തിക പറഞ്ഞു.
Content Highlight: Karthika Talks About Kariyilakkattu Pole Movie