കൊച്ചി: ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി വൈകുകയാണെന്നും കഴിഞ്ഞ നാലഞ്ച് വര്‍ഷമായി അവര്‍ കാത്തിരിക്കുകയാണെന്നും നടിയും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവുമായ അന്‍സിബ.
ആരോപണ വിധേയര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണമെന്നും അത്തരക്കാര്‍ അഴിക്കുള്ളില്‍ ആവുക തന്നെ വേണമെന്നും അന്‍സിബ പറഞ്ഞു.
ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അവരുടെ പേര് വെളിപ്പെടുത്തുന്നതില്‍ എന്താണ് തെറ്റെന്നെന്നും അന്‍സിബ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ഭയമില്ലേയെന്ന് ചോദിക്കാറുണ്ട്. ഞാന്‍ ആരെയും ഭയപ്പെടുന്നില്ല, എന്നെ ആരും ഭയപ്പെടുത്തിയിട്ടുമില്ല.
സിനിമ ആരുടേയും കുത്തകയല്ല. ഇത്രയും പറഞ്ഞതുകൊണ്ട് എനിക്ക് സിനിമയില്‍ എന്തെങ്കിലും പ്രശ്നം വരുമെന്ന് ചിന്തിക്കാറില്ല. വരുന്നെങ്കില്‍ തന്നെ നേരിടും. ഞാന്‍ ആരുടേയും സഹായം കൊണ്ട് ഇവിടെ എത്തിയ ആളല്ല.
പാര്‍വതി ചേച്ചിയുടെ എഫര്‍ട്ട് കൊണ്ടാണ് അവര്‍ പാര്‍വതി തിരുവോത്ത് എന്ന ബ്രാന്‍ഡ് ആയത്. അത് അവരുടെ കഴിവും വ്യക്തിത്വവുമാണ്, ആരുടേയും ഔദാര്യമല്ല, അന്‍സിബ പറഞ്ഞു.
സമൂഹത്തില്‍ എന്റെ ഇമേജിന് കോട്ടംതട്ടുമോ എന്നെ മോശക്കാരിയാക്കുമോ എന്നുള്ള ഭയം കൊണ്ടാവും പലരും പ്രതികരിക്കാന്‍ തയ്യാറാവാതിരുന്നത്. എന്നാല്‍ മോശം പെരുമാറ്റമുണ്ടായാല്‍ ബഹളംവെച്ച് പ്രതികരിക്കണം എന്ന് ഇന്നത്തെ അമ്മമാര്‍ പറഞ്ഞുകൊടുക്കുന്നിടത്തേക്ക് കാര്യങ്ങള്‍ വളര്‍ന്നു. സമൂഹം നമുക്കൊപ്പമുണ്ടെന്ന് മനസിലാക്കിക്കഴിഞ്ഞാല്‍ എല്ലാവരും പരാതികളുമായി മുന്നോട്ടുവരും.
നമ്മള് ഒരു കേസ് കൊടുക്കുകയാണെങ്കില്‍ ഒരുപാട് വര്‍ഷമാണ് ഇതിനുപിന്നാലെ അലയേണ്ടത്. കല്യാണത്തീയതി മാറ്റിയിട്ടുപോലും കേസിന് പോകുന്നയാളുകളുണ്ട്. വക്കീല്‍ ഫീസടക്കമുള്ള പണച്ചെലവ്.
നമുക്ക് വരവ് കുറവും ചെലവ് കൂടുതലും ആവുകയാണ്. മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ കേസിനുപോയാല്‍ ജീവിതം തീര്‍ന്നു എന്ന അവസ്ഥയാണ്. ഇങ്ങനെയുള്ള കുറേ കാര്യങ്ങളുള്ളതുകൊണ്ടാണവര് കേസിനുപോകാന്‍ ഭയപ്പെടുന്നത്.
ഇത്രയും വൃത്തികെട്ട, നീചമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ 15 ദിവസത്തിനകം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്ന രീതിയിലുള്ള സംവിധാനം വരണം. അങ്ങനെയായാല്‍ കൂടുതല്‍ പേര് കേസുമായി മുന്നോട്ടുവരും. അതോടൊപ്പം മറ്റുള്ളവര്‍ കുറ്റംചെയ്യാന്‍ പേടിക്കുകയുംചെയ്യും.
മലയാള സിനിമയില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പരാതിപ്പെടാന്‍ മടിക്കുന്നത് നേരത്തേ പറഞ്ഞതുപോലുള്ള കാരണങ്ങള്‍കൊണ്ടാണ്. ഇതൊന്നും ഇല്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റില്ല, ഉള്ളതുതന്നെയാണ്, അന്‍സിബ പറഞ്ഞു.
Content Highlight: Ansiba Hassan About Hema Commission Report and Power Group on malayalam Movie