ആരോപണവിധേയന്‍ രഞ്ജിത്ത് ആയതുകൊണ്ടു കൂടിയാണ് ഇത്രയും സമ്മര്‍ദ്ദം വരുന്നതും കോലാഹലം ഉണ്ടാക്കുന്നതെന്നും ഞങ്ങള്‍ സ്ത്രീകള്‍ക്കറിയാം. ഇത് ഞങ്ങള്‍ക്ക് നീതി കിട്ടണമെന്നുള്ള നിങ്ങളുടെ നിര്‍ബന്ധമല്ല, മറിച്ച് ഏറെനാളായി നിങ്ങള്‍ക്ക് മറ്റു പല എതിര്‍പ്പുകളുമുണ്ടായിരുന്ന ഒരു വ്യക്തിക്കെതിരെ ലൈംഗികാതിക്രമാരോപണം വന്നതിലുള്ള ആഘോഷമാണ്.
നിങ്ങളേറെയിഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിക്കെതിരെയാണ് ഈ ആരോപണം വന്നതെങ്കില്‍ ആരുടെയും പൊടി പോലും കാണില്ലായിരുന്നു. രഞ്ജിത്ത് തന്റെ കൂട്ടുകാരന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടതുപോലെ നിങ്ങളും അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ അണി നിരന്നേനെ. അതുകൊണ്ട് നമുക്ക് വ്യക്തിയെ മാറ്റി നിര്‍ത്തി പ്രശ്‌നത്തെ നോക്കാന്‍ ശ്രമിക്കാം.
കേരളത്തിലെ മുന്‍നിര സംവിധായകരിലൊരാളാണ് ശ്രീ. രഞ്ജിത്ത്. അതു കൂടാതെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നയാളും, സൂപ്പര്‍സ്റ്റാറുകളുമായി അടുത്തു പ്രവര്‍ത്തിച്ചിട്ടുള്ളയാളുമാണ്. ഈ വ്യക്തി പതിനഞ്ചു വര്‍ഷം മുമ്പ് തന്റെ സിനിമയില്‍ അഭിനയിക്കാനെത്തിയ ഒരു നടിയോട് പെരുമാറിയതെങ്ങനെയാണെന്നാണ് നമ്മള്‍ കേട്ടത്. ആ വ്യക്തി ആദ്യമായോ അവസാനമായോ അല്ല അത്തരമൊരു കാര്യം ചെയ്തിട്ടുണ്ടാവുക എന്ന് വ്യക്തമാണ്.
Also Read: രഞ്ജിത്ത് രാജിയിലേക്ക്? ; വാഹനത്തിലെ ഔദ്യോഗിക ബോര്‍ഡ് ഊരി മാറ്റി
സ്ഥിരം ചെയ്യാറുള്ള ഒരു കാര്യത്തിന്റെ സ്വാഭാവാകിതയോടെയാണ് അയാള്‍ പെരുമാറിയതെന്ന് മൊഴിയില്‍ നിന്ന് മനസ്സിലാക്കാം. എറ്റ് ലീസ്റ്റ് ഇത്തരം ആണുങ്ങളെ അറിയാവുന്ന സ്ത്രീകള്‍ക്ക് ഇക്കാര്യം വ്യക്തമാണ്. ഈ പതിനഞ്ചു വര്‍ഷത്തില്‍ വേറെയെത്ര സ്ത്രീകളോട് ഇതേ രീതിയില്‍ രഞ്ജിത്ത് പെരുമാറിക്കാണും?
രഞ്ജിത്ത് അന്നങ്ങനെ പെരുമാറിയുതമൂലം അയാള്‍ക്ക് ഒരു നഷ്ടവും സംഭവിച്ചില്ല. നടി ശ്രീലേഖയ്ക്ക് ഒരു സുപ്രധാന റോള്‍ നഷ്ടമായി. അന്ന് ഈ സ്ത്രീ സിനിമ നിര്‍ത്തിപ്പോയതുപോലെ പോവാന്‍ ആവതില്ലാത്ത സ്ത്രീകളോടും ഇയാള്‍ ഇത്തരത്തില്‍ പെരുമാറിക്കാണുമല്ലോ? ആ സിനിമയില്‍ അഭിനയിക്കുന്ന കാശുകൊണ്ടുവേണം കറന്റ് ബില്ലടയ്ക്കാനും കുട്ടിയുടെ സ്‌കൂള്‍ ഫീസ് കെട്ടാനും എന്ന് വയ്ക്കുന്ന ഒരു നടിയോട് ഇങ്ങനെ പെരുമാറിയാല്‍ അവര്‍ക്ക് എത്രമാത്രം ചോയ്‌സ് ഉണ്ടവിടെ സിനിമ ഉപേക്ഷിച്ചു പോവാന്‍?
ഇതിനെക്കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറഞ്ഞത്. റിപ്പോര്‍ട്ട് ഈ കണ്ടെത്തല്‍ നടത്തിയതുമൂലമാണ് ഇന്നിപ്പോള്‍ രഞ്ജിത്ത് ചെയ്തതിനെപ്പറ്റി സംസാരിക്കാന്‍ നടിക്ക് ധൈര്യം വന്നത്. പതിനഞ്ചു വര്‍ഷം മുമ്പ് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ അവരോടൊപ്പം നില്‍ക്കാന്‍ ഇന്നുള്ളതിന്റെ നാലിലൊരംശം ആളുകള്‍ ഉണ്ടാവുമായിരുന്നില്ല.
ഇത് ചരിത്രമാണ്. WCC യുടെ നേതൃത്വത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ വര്‍ഷങ്ങളോളം പൊരുതി നേടിയ മാറ്റം. ഈ മാറ്റത്തിന് കരുത്തേകുക എന്നൊരൊറ്റ ജോലിയേ സര്‍ക്കാരിനുള്ളൂ. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ നടപടിയുണ്ടാവേണ്ടത് അത് രഞ്ജിത്ത് ആയതുകൊണ്ടല്ല, രഞ്ജിത്ത് എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.
ഹൃദയം ക്രിഞ്ചാണോയെന്ന് ചോദിച്ചപ്പോൾ അവൾ സത്യസന്ധമായി തുറന്ന് പറഞ്ഞു: വിനീത് ശ്രീനിവാസൻ
രഞ്ജിത്ത് പ്രതിനിധാനം ചെയ്യുന്നത്, ഏറ്റവുമധികം പവര്‍ കൈയ്യില്‍ വെച്ചുകൊണ്ട് സ്ത്രീകളെ ചൂഷണം ചെയ്യുന്ന സിനിമയിലെ പുരുഷന്മാരെയാണ്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ അനുയായിയെന്ന നിലയില്‍ പവര്‍ സമാഹരിക്കുന്ന പുരുഷന്മാരെയാണ്. പുരുഷന്മാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പെരുമാറ്റം അവരുടെ ‘സ്വഭാവ’മാണെന്നും, ഈ മേഖലയില്‍ ഇത് സാധാരണമാണെന്നുമുള്ള വിശ്വാസത്തിനെയും ‘നമ്മളെ സൂക്ഷിച്ചാല്‍ നമുക്ക് കൊള്ളാം’ എന്ന, സ്ത്രീകള്‍ക്കു മാത്രം ബാധകമായ വേദവാക്യത്തെയാണ് രഞ്ജിത്ത് പ്രതിനിധീകരിക്കുന്നത്.
ഇതിനെയെല്ലാം ഉടയ്ക്കാനുള്ള അവസരമാണിത്. അല്ലാതെ കക്ഷിരാഷ്ട്രീയ പകപോക്കലിനുള്ള അവസരമല്ല. ഇത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് കാണിക്കുന്നതിലൂടെ ശ്രീലേഖ മിത്രയെപ്പോലുള്ള അനേകം സ്ത്രീകള്‍ക്ക് കരുത്തു പകരുകയാണ് സര്‍ക്കാര്‍ ചെയ്യുക. എന്നാല്‍ അതിനു പകരം എന്താണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറയുന്നത്? തെളിവ് കൊണ്ടുവരൂ എന്ന്.
ഒരു ലൈംഗികാതിക്രമ പരാതിയില്‍ തെളിവുകള്‍ എന്താണ്? പലപ്പോഴും ‘his word against hers’ ആണ് പരാതികളില്‍ ഉണ്ടാവാറ്. കാരണം അതിക്രമം നടക്കുന്ന സമയത്ത് രണ്ടു പേരാണ് ഉണ്ടാവാറ്. ആരോപിതന്‍ മിക്കപ്പോഴും പറയുക ‘ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല’ എന്നു തന്നെയാണ്. അപ്പോള്‍ നിയമം സാഹചര്യത്തെളിവുകള്‍ കണക്കിലെടുക്കും. സംഭവത്തെക്കുറിച്ച് സ്ത്രീ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നോ? അവരുടെ മൊഴി രേഖപ്പെടുത്തും. സ്ത്രീ പറയുന്ന ചുറ്റുപാടുകള്‍ തെളിയിക്കുന്ന തെളിവുകള്‍ കണക്കിലെടുക്കും.
ഉദാഹരണത്തിന്, ഇന്ന ദിവസം കല്‍ക്കട്ടയില്‍ നിന്ന് എറണാകുളത്തേയ്ക്ക് വന്ന് ഇന്ന ഹോട്ടലില്‍ താമസിച്ച് ടാക്‌സിയില്‍ ഇന്ന സ്ഥലത്തേയ്ക്ക് പോയപ്പോഴാണ് ഇന്ന ആള്‍ എന്നോടിങ്ങനെ പെരുമാറിയതെന്നു പറഞ്ഞാല്‍, പറഞ്ഞ ദിവസം ഇവര്‍ കല്‍ക്കട്ടയില്‍ നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്തു എന്ന് തെളിയിക്കുന്ന ടിക്കറ്റുകള്‍, ഹോട്ടലില്‍ തങ്ങി എന്ന് തെളിയിക്കുന്ന റെജിസ്റ്റര്‍, പറഞ്ഞ സമയത്ത് ആരോപിതന്‍ പറഞ്ഞ സ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍, സാക്ഷിമൊഴികള്‍… ഇനിയും ചില കേസുകളില്‍ ഇതൊന്നുമില്ലാത്ത സാഹചര്യവുമുണ്ടാവാം.
പക്ഷേ അപ്പോഴും ‘his word against hers’ ഇല്‍ ‘her’ word ഇനു നിയമം വെയിറ്റേജ് കൊടുക്കുന്നുണ്ട്. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീയ്ക്ക് ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാനുള്ള തടസ്സം കണക്കിലെടുത്ത് അവരുടെ മൊഴിയിലര്‍പ്പിക്കുന്ന അധികവിശ്വാസമാണത്.
സമൂഹത്തില്‍ സംഭവിക്കാറ് നേരെ തിരിച്ചാണ്. ആരോപണം ഉന്നയിക്കുന്ന സ്ത്രീ കള്ളം പറയുകയാണ് എന്ന അസംപ്ഷനിലാണ് സമൂഹം പെരുമാറാറ്. ഇതിനു പുറമേ അവരുടെ സ്വഭാവവും പെരുമാറ്റവും മൂലം ഉണ്ടായ സ്വാഭാവികമായ സംഭവമാണ് കുറ്റകൃത്യം എന്ന് വാദിക്കുകയും ചെയ്യുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടി ശാരദ പോലും ഇത്തരത്തില്‍ സംസാരിക്കുന്നുണ്ട്. പണ്ടത്തെപ്പോലെയല്ല ഇപ്പോഴത്തെ നടിമാരുടെ വസ്ത്രധാരണം എന്നതുകൊണ്ടാണ് ഇന്ന് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കൂടുന്നത് എന്നാണ് അവരുടെ അഭിപ്രായം. ഈ അഭിപ്രായം സമൂഹത്തിന്റെ പൊതുബോധമാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളും, ജനാധിപത്യത്തില്‍, സമത്വത്തില്‍, ലിംഗനീതിയില്‍ ഒക്കെ വിശ്വസിക്കുന്നവരും ഈ പൊതുബോധം തിരുത്താനുതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഈ വിശ്വാസം മാറുന്നത്. അല്ലാതെ, ‘തെളിവ് കൊണ്ടുവന്നാല്‍ നടപടിയെടുക്കാം’ എന്നു പറയുന്നതിലൂടെയല്ല.
തെളിവ് നടിയുടെ മൊഴിയാണ്. രഞ്ജിത്ത് മാപ്പ് പറയണമെന്നാണ് അവര്‍ ആകെ ആവശ്യപ്പെട്ടിട്ടുള്ള കാര്യം. അതിനു തയ്യാറാവാത്ത ആ വ്യക്തിയെ സര്‍ക്കാരായി കൊടുത്തിട്ടുള്ള പവര്‍ പൊസിഷനില്‍ നിന്ന് നീക്കുക എന്നത് ശരിയായ ദിശയിലുള്ള ആദ്യ പടി മാത്രമാണ്. ഇതൊന്നും മനസ്സിലാക്കാത്തവര്‍ മന്ത്രിപദം അലങ്കരിക്കുന്നതും പ്രശ്‌നത്തിന്റെ ഭാഗമാണ്.
കുഞ്ഞില മസിലാമണി