ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും മോഹന്‍ലാല്‍ അടക്കമുള്ള അംഗങ്ങള്‍ രാജിവെക്കുയും ചെയ്തിരുന്നു.
ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ രാജിക്കത്തില്‍ പറഞ്ഞിരുന്നത്. വിമര്‍ശിച്ചതിനും തിരുത്തിയതിനും എല്ലാവര്‍ക്കും നന്ദിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജിക്കത്ത്.
വിഷയത്തില്‍ മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗതെത്തുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.
എല്ലാം തകരുമെന്നായപ്പോള്‍ അവസാനനിമിഷം അറിയാപൈതങ്ങള്‍ക്ക് ‘തെറ്റുതിരുത്തി’ക്കൊടുത്ത പെണ്ണുങ്ങളോട് മോഹന്‍ലാല്‍ നന്ദി പറയുകയാണെന്നും നന്ദിയല്ല, മാപ്പാണ് നിങ്ങള്‍പറയേണ്ടത് എന്നുമായിരുന്നു ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘തെറ്റു തിരുത്തിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നന്ദി’. രാജിവെച്ച അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍
60-65 വയസുവരെ തെറ്റേതെന്നറിയാതെ ചെയ്തു പോയ പാവം ‘തമാശ’കള്‍, വെറും അര്‍മാദിക്കലുകള്‍. ചുമ്മാ ആഘോഷങ്ങള്‍.
എല്ലാം തകരുമെന്നായപ്പോള്‍ ദേ ഈ അവസാനനിമിഷം അറിയാപൈതങ്ങള്‍ക്ക് ‘തെറ്റുതിരുത്തി’ക്കൊടുത്ത പെണ്ണുങ്ങളോടാണ് നന്ദി പറയുന്നത്. നന്ദിയല്ല, മാപ്പ് മാപ്പ് മാപ്പ് എന്ന് മൂന്നുതവണ പറയൂ….
296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു ഹേമകമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.