ഇനി സഹിക്കാന്‍ പറ്റില്ലെന്ന നിലപാടിലേക്ക് ഒരുപാട് മനുഷ്യരുടെ മനസ് ഒരു സമയം എത്തിച്ചേരുന്നു എന്നതാണ് ഇന്ന് മലയാള സിനിമയില്‍ കാണുന്ന ഈ മാറ്റം തെളിയിക്കുന്നതെന്ന് നടി കനി കുസൃതി. പല സത്രീകളുടെയും യാത്രയുടെ ആകെ തുകയാണ് ഇതെന്നും കനി കുസൃതി പറഞ്ഞു.
പറയാനൊരു വേദി ഉണ്ടാവുക എന്നത് പ്രധാനമാണ്. പറയാന്‍ ഒരുപാട് പേരുണ്ടെന്ന തോന്നലില്‍ നിന്നാണ് എനിക്കും പറയാം എന്ന ബോധ്യമുണ്ടാകുന്നത്. ഈ തരത്തില്‍ ഡബ്ല്യു.സി.സി ചരിത്രപരമായി ഓര്‍മിക്കപ്പെടേണ്ടതാണ് എന്നും ഡബ്ല്യൂസിസിയില്‍ ഉറച്ചു നിന്ന് പരമാവധി ശ്രമിക്കുന്നവര്‍ മിടുക്കികളാണെന്നും കനി പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയിലെ സ്റ്റാര്‍സ് ഓഫ് കാന്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു കനി.
മലയാള സിനിമയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്നത് ലൈംഗികാതിക്രമം മാത്രമല്ലെന്നും വേതനം അടക്കമുള്ള കാര്യങ്ങളും തീരുമാനിക്കപ്പെടണമെന്നും കനി ആവശ്യപ്പെട്ടു.
വേതനത്തിലും ഒരു മാനദണ്ഡം വേണം. സിനിമയില്‍ ചില ഇടത്ത് മാത്രമാണ് മണിക്കൂറിന് ശമ്പളം ലഭിക്കുന്നത്. വിനോദമായതില്‍ മാര്‍ക്കറ്റ് നിലവാരത്തിനൊത്താണ് പണം, പക്ഷെ അതിനൊരു മാര്‍ജിന്‍ വേണം.
താരങ്ങളുടെ പണം കേട്ടാല്‍ ഫ്‌ളോയിംഗ് മണി ഉണ്ടാകില്ല. പൈസ വന്നു പോകുമ്പോഴാണ് ബിസിനസ് നിലനില്‍ക്കുന്നത്. വിപണി മൂല്യത്തിന് കൃത്യമായ മാനദണ്ഡം വേണം. കൃത്യം കരാര്‍ ഉണ്ടാവണം. അഭിനയിക്കുന്നവര്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും ഇത് ബാധകമാക്കണമെന്നും കനി പറഞ്ഞു.
ആദ്യ സിനിമയില്‍ അഭിനയിച്ച ഒരു നടന് ഇത്രലക്ഷം കിട്ടി എന്ന് പറയുമ്പോള്‍ 2 വര്‍ഷം പണിയെടുത്തിട്ടും അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് 50,000 പോലും കിട്ടുന്നില്ല. ഇതിനൊന്നും ഒരു കരാറില്ല, മാനദണ്ഡമില്ല.
പവര്‍ ഫുള്‍ ആളുമായി കൂടിയാലോചനകളിലാണ് അതിക്രമങ്ങളുണ്ടാകുന്നത്. ഇതിന് നയം വേണം. അത് നിര്‍മാതാക്കളില്‍ നിന്നല്ല ഉണ്ടാകേണ്ടതെന്നും കനി പറഞ്ഞു.
എന്തുകൊണ്ട് ഡബ്ല്യുസിസിയില്‍ ഇല്ലെന്ന ചോദ്യത്തിന് നേരത്തെ താന്‍ ഡബ്ല്യു.സി.സിയില്‍ അംഗമായിരുന്നെന്നും സംഘടനയില്‍ നില്‍ക്കാനുള്ള മാനസികാവസ്ഥയിലുള്ള ആളല്ലെന്നും പോരാട്ടം ഒറ്റയ്ക്കാണെന്നും കനി വ്യക്തമാക്കി