ജയസൂര്യയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് നടി.
ജയസൂര്യയില്‍ നിന്ന് കോടികള്‍ വാങ്ങിയെന്നാണ് പ്രചരിപ്പിക്കുന്നതെന്നും അതിന് പിന്നില്‍ യൂട്യൂബ് ചാനലുകളാണെന്നും നടി ആരോപിച്ചു. ജയസൂര്യക്കെതിരായ പരാതിയില്‍ നടി വ്യക്തത വരുത്തുകയും ചെയ്തു.
‘പിഗ്മാന്‍ എന്ന സിനിമയിലാണ് സംഭവം. അവിരാ റബേക്ക എന്നാണ് സംവിധായകന്റെ പേര്. ഒരു പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലായിരുന്നു ലൊക്കേഷന്‍. പഴയ ഒരു കെട്ടിടമായിരുന്നു. ആ സിനിമയില്‍ രമ്യാ നമ്പീശനൊക്കെ ഉണ്ടായിരുന്നു.
സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമാക്കാര്‍ വലിയ വിലകൊടുക്കാറില്ല. എനിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്ന മേല്‍വിലാസം കൂടിയുള്ളതിനാല്‍ കുറച്ച് കൂടി ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്.
ഒരു ദിവസം ബാത്ത് റൂമിലേക്കുള്ള വഴിയില്‍ വച്ച് ജയസൂര്യ എന്നെ കയറിപ്പിടിച്ചു. എനിക്ക് താല്‍പര്യമില്ലെന്ന് മനസ്സിലായപ്പോള്‍ മാപ്പ് പറഞ്ഞു.
ഇപ്പോള്‍ എനിക്കെതിരേ ധാരാളം വ്യാജ പ്രചരണങ്ങള്‍ നടക്കുകയാണ്. രണ്ട് കോടി വാങ്ങിച്ചുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതിന് പിന്നില്‍ ചില യൂട്യൂബ് ചാനലുകളാണ്’, നടി പറഞ്ഞു.
നടന്‍ ജയസൂര്യയ്‌ക്കെതിരായ പുതിയ പരാതിയാണ് ഇത്. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതി തൊടുപുഴ പൊലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
സെക്രട്ടേറിയറ്റില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ വാഷ്റൂമിന് സമീപം വെച്ച്ലൈം ഗികാതിക്രമത്തിനിരയായെന്ന കൊച്ചി സ്വദേശിനിയുടെ പരാതില്‍ ഇന്നലെ നേരത്തെ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.
ഐ.പി.സി 354, 354 എ, 509 വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിനിയായ മറ്റൊരു നടി നല്‍കിയ ഏഴ് പരാതികളില്‍ ഒന്നില്‍ ജയസൂര്യ ഉള്‍പ്പെട്ടിട്ടുണ്ട്.