ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നാലെ വന്ന വിവാദങ്ങളിലും നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ശോഭാ ഡേ.
നിലപാട് വ്യക്തമാക്കാതെ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ മോഹന്‍ലാലിന്റെ നടപടി ഭീരുത്വമാണെന്നായിരുന്നു ശോഭ ഡേ പരഞ്ഞത്.
വിവാദങ്ങളില്‍ എന്താണ് നിലപാടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കണമായിരുന്നു. എവിടെയാണ് താന്‍ നില്‍ക്കുന്നത് എന്ന് പറയുകയോ അതിജീവിതര്‍ക്ക് നീതി നേടി കൊടുക്കാനോ തയ്യാറാകാതെ ‘അമ്മ’ നേതൃത്വത്തില്‍ നിന്ന് അദ്ദേഹം രാജിവെച്ചത് അംഗീകരിക്കാനാകില്ല.
ഞാന്‍ പവര്‍ ഗ്രൂപ്പിലുള്ള ആളല്ല, എനിക്ക് അതിനെ കുറിച്ച് അറിയില്ല: മോഹന്‍ലാല്‍
നിലപാടുകള്‍ വ്യക്തമാക്കൂ, മനുഷ്യനാകൂ, പ്രശ്‌നങ്ങള്‍ നേരിട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ നിങ്ങളുടെ കൂടെയുള്ളവരോടും ആവശ്യപ്പെടൂ.
പ്രതികരിച്ച സ്ത്രീകള്‍ക്ക് സിനിമകള്‍ നഷ്ടപ്പെട്ടു, മോശം തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം പിന്നില്‍ പതിനഞ്ചോ ഇരുപതോ പുരുഷന്‍മാരുടെ സംഘമാണ്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ച സര്‍ക്കാര്‍ നടപടി തെറ്റാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ നിയമപരമായ നടപടി വേണം,’ ശോഭ ഡേ ആവശ്യപ്പെട്ടു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. മാധ്യമങ്ങളുടെ പല ചോദ്യങ്ങള്‍ക്കും മോഹന്‍ലാല്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മറ്റ് തിരക്കുകളിലായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടുവന്ന മലയാളം ഇന്‍ഡസ്ട്രിയെ എല്ലാവരും ചേര്‍ന്ന് തകര്‍ക്കരുതെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഒരുപാട് സംഘടനകള്‍ ഉള്ള മേഖലയാണ് സിനിമയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ പദവിയില്‍ തുടര്‍ന്നാല്‍ ആരോപണം ഞങ്ങളിലേക്കും വരും; മോഹന്‍ലാല്‍ ഒളിച്ചോടിപ്പോയെന്ന് പറഞ്ഞു’
‘മോഹന്‍ലാല്‍ എവിടെയായിരുന്നു, ഒളിച്ചോടി പോയെന്ന് പറഞ്ഞു. എവിടേക്കും പോയിട്ടില്ല. കഴിഞ്ഞ കുറേ നാളായി കേരളത്തില്‍ ഇല്ലായിരുന്നു. ഗുജറാത്തിലും ബോംബെയിലും ചെന്നൈയിലുമായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഇരിക്കേണ്ടി വന്നു. പിന്നെ ബറോസുമായി ബന്ധപ്പെട്ട തിരക്കില്‍പ്പെട്ടുപോയി. പെട്ടെന്ന് വരാന്‍ സാധിച്ചില്ല.
എന്റെ സിനിമയുടെ റിലീസൊക്കെ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ റിലീസ് ചെയ്യാന്‍ പറ്റില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും. പ്രോത്സാഹിപ്പിക്കുകയല്ല. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്.
ഞാന്‍ രണ്ട് തവണ അവരുടെ മുന്‍പില്‍ പോയിരുന്നു. എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. എനിക്കറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. മൊത്തം സിനിമയെ പറ്റിയാണ് എന്നോട് ചോദിച്ചത്. അതെനിക്ക് പറയാന്‍ കഴിയില്ല. എനിക്ക് ചുറ്റുമുള്ള കാര്യങ്ങളാണ് പറഞ്ഞത്. , എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
Content Highlight: Writer Shobhaa De criticise Mohanlal