ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലും അല്ലാതെയുമൊക്കെയായി തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സ്‌കൂള്‍ കാലഘട്ടത്തിനിടെ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ച് നടി നവ്യനായര്‍ രംഗത്തെത്തിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യനില്‍ നിന്നും താന്‍ നേരിട്ട അതിക്രമത്തെ കുറിച്ചായിരുന്നു നവ്യ പറഞ്ഞത്. അന്ന് അതിനോട് പ്രതികരിക്കാനോ അക്കാര്യം വീട്ടില്‍ പറയാനോ ഉള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ലെന്നും അങ്ങനെ ഒു കാലഘട്ടത്തിലായിരുന്നു തങ്ങളെന്നുമായിരുന്നു നവ്യ പ്രതികരിച്ചത്.
സമാനമായ ഒരു അനുഭവം പങ്കുവെക്കുകയാണ് മലയാളികളുടെ പ്രിയ നടനായ പ്രശാന്ത് അലക്‌സാണ്ടര്‍. സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്ക് ഉണ്ടായൊരു മോശം അനുഭവത്തെ പറ്റിയാണ് പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നത്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ സീനിയേഴ്‌സ് തന്റെ മാറിടത്തില്‍ കയറിപ്പിടിച്ചുവെന്നും അത് തനിക്ക് വലിയ ട്രോമയാണ് സമ്മാനിച്ചതെന്നും പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു.
‘സ്‌കൂളില്‍ പഠിക്കുന്ന പ്രായത്തില്‍ എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു. അന്നൊന്നും പരീക്ഷകള്‍ നമ്മുടെ ക്ലാസുകളില്‍ ഇരുന്നല്ലല്ലോ എഴുതുന്നത്. സീനിയേഴ്‌സ് നമുക്കൊപ്പം ഉണ്ടാകും. രണ്ട് സൈഡിലും പത്താം ക്ലാസിലെ ചേട്ടന്മാരും നടുക്ക് ഏഴാം ക്ലാസിലെ ഞാനും.
എന്നെ കാണുന്നതും അവരെന്റെ മാറിടത്തില്‍ കേറിപ്പിടിക്കും. വണ്ണം ഉള്ളവരെ കാണുമ്പോള്‍ അവര്‍ക്ക് ഒരു സന്തോഷം. ആദ്യദിവസം അവരെന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വേദനിച്ച് തുടങ്ങിയപ്പോഴാണ് ഇത് സ്‌നേഹമല്ല അവരുടെ തമാശയാണെന്ന് മനസിലായത്.
എനിക്ക് പിന്നീട് പരീക്ഷ എഴുതാന്‍ പേടിയായി. ആ ക്ലാസിനകത്ത് പരീക്ഷ എഴുതാന്‍ പോകണമല്ലോ എന്ന പേടി. ഇക്കാര്യം പറയാന്‍ വേണ്ടി സ്റ്റാഫ് റൂം വരെ നടക്കും. പക്ഷേ വേറെ കുറെ കാര്യങ്ങള്‍ ആകും എന്റെ മനസില്‍. പിന്നീട് ഉണ്ടാകുന്ന കാര്യങ്ങളെ പറ്റി. അതുകൊണ്ട് പറയില്ല.
ഇവര്‍ ഇതാവര്‍ത്തിക്കുമ്പോള്‍ ഞാന്‍ അത് സഹിക്കുമായിരുന്നു. അതെനിക്ക് വലിയൊരു ട്രോമയാണ് നല്‍കിയത്. ലൊക്കേഷനിലെ ദുരനുഭവങ്ങള്‍ എന്തുകൊണ്ട് അഭിനേത്രികള്‍ തുറന്നു പറയുന്നില്ലെന്ന് ചോദിച്ചാല്‍ അവരുടെ മാനസിക അവസ്ഥയാണത്. എങ്ങനെ പ്രതികരിക്കണമെന്ന് ചിലപ്പോള്‍ അവര്‍ക്ക് അറിയില്ലായിരിക്കും. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത് ജീവിതത്തില്‍ ആദ്യമായിരിക്കും.
അന്ന് ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാനായില്ലെങ്കിലും ഞാന്‍ വീക്ക് അല്ലെന്ന് കാണിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തം ആയിരുന്നു. അങ്ങനെ ശ്രമിച്ച് ശ്രമിച്ച് ആ സ്‌കൂളിലെ ലീഡര്‍ ആയിട്ടാണ് ഇറങ്ങിയത്. പക്ഷേ ഞാന്‍ ലീഡറായപ്പോള്‍ ഇങ്ങനെയൊക്കെ വേറെയും കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പോയി നോക്കിയിട്ടൊന്നും ഇല്ല. പക്ഷേ എന്നെ ഞാന്‍ ബോള്‍ഡാക്കി എടുത്തു’, പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.
Content Highlight: Prashant Alexander Shared a Bad Experiance he faced at Childhood