തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടന്മാര്‍ക്കെതിരെയുണ്ടായ ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ അമ്മ ഭാരവാഹികള്‍ കൂട്ടരാജിവച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി നടി പത്മപ്രിയ.
നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജിയെന്നും താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും പത്മപ്രിയ പറഞ്ഞു. അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസ്സിലാവുന്നില്ലെന്നും പത്മപ്രിയ പറഞ്ഞു.
വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകള്‍ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമര്‍ശിച്ചു.
ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പര്‍ താരങ്ങളുടെ പ്രതികരണത്തില്‍ നിരാശ മാത്രമേയുള്ളൂ. ഒന്നുമറിയില്ലെങ്കില്‍ എല്ലാമറിയാനുള്ള ശ്രമം നടത്തട്ടെയെന്നും പത്മപ്രിയ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്ത് വിടാതിരുന്നതിന് സര്‍ക്കാര്‍ മറുപടി പറയണം. ഡബ്ല്യു.സി.സി അംഗങ്ങള്‍ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്ത് വിടാതിരുന്നത് എന്നത് സര്‍ക്കാര്‍ തന്നെ വിശദീകരിക്കണം.
കമ്മിറ്റി ശുപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ അതുമാത്രം പോര.
അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അതിനെ ആരും മുഖവിലക്കെടുക്കുന്നില്ല. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകള്‍ കാണുന്നത്, പത്മപ്രിയ പറഞ്ഞു.
മലയാള സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവവും പത്മപ്രിയ പങ്കുവെച്ചു ‘എനിക്ക് 25 – 26 വയസ്സുള്ളപ്പോള്‍ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് ചോദിക്കുകയാണ് ഇത്രയും വയസ്സായില്ലേ, പ്രായമായില്ലേ ഇനി നിര്‍ത്തിക്കൂടെയെന്ന്. ഇതാണ് ഇവരുടെയൊക്കെ കാഴ്ചപ്പാട്’, പത്മപ്രിയ പറഞ്ഞു.
Content Highlight: Actress Padmapriya Criticise Mammootty and Mohanlal