ചെന്നൈ: മലയാള സിനിമയില്‍ മാത്രമല്ല തമിഴ് സിനിമയിലും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് നടി രാധിക ശരത്കുമാര്‍.
താന്‍ ഇടപെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രമുഖ നായക നടന്റെ ഭാര്യക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈംഗികാതിക്രമ ശ്രമമുണ്ടായെന്നും രാധിക പറഞ്ഞു. തമിഴ് സിനിമയിലെ ഉന്നതനായ താരമാണ് യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാര്‍ വെളിപ്പെടുത്തി.
ചെന്നൈയില്‍ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം. ഇപ്പോള്‍ പ്രമുഖ നായക നടന്റെ ഭാര്യയായ യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
ആ നടന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്റെ ഇടപെടല്‍ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാന്‍ ആ നടനോട് കയര്‍ത്തു. പിന്നാലെ ആ പെണ്‍കുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്ന് പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര്‍ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ താന്‍ അഭിനയിച്ച ഒരു സിനിമയുടെ ലൊക്കേഷനില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതിന് താന്‍ സാക്ഷിയായെന്നും നേരത്തെ രാധിക ശരത്കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ഏത് സിനിമയിലാണ് ഈ സംഭവം നടന്നതെന്ന് താരം വ്യക്തമാക്കിയിരുന്നില്ല. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്നും ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞിരുന്നു.
മലയാളത്തില്‍ കാരവന്‍ സജീവമായതിന് ശേഷം രാധിക അഭിനയിച്ച മലയാള ചിത്രങ്ങള്‍ രാമലീല, ഇട്ടിമാണി, പവി കെയര്‍ ടേക്കര്‍, ഗാംബിനോസ് എന്നിവയായിരുന്നു.
തന്റെ സിനിമയുടെ സെറ്റിലാണോ മോശം അനുഭവമുണ്ടായത് എന്ന് ചോദിച്ച് നടന്‍ മോഹന്‍ലാല്‍ തന്നെ വിളിച്ചിരുന്നെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്.
‘തന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നു ചോദിച്ച് മോഹന്‍ലാലും വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല.
ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടതെന്നു ബോധ്യമായതോടെ ഞാന്‍ ബഹളം വച്ചു. നിര്‍മാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു,’ രാധിക പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ വ്യക്തത തേടി അന്വേഷണ സംഘം തന്നെ വിളിച്ചിരുന്നെന്നും താന്‍ അതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും രാധിക പറഞ്ഞു.
Content Highlight: Sexual Assualt on Tamil Movie Industry Radhika sarath kumar revealed