ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലകളില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. അവസരത്തിന് വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്ന സംവിധായകരെ കുറിച്ചും നടന്മാരെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ തുടര്‍ ദിവസങ്ങളില്‍ വന്നു. മാന്യന്മാരായി നടന്നിരുന്ന പല മുഖംമൂടികളും അഴിഞ്ഞു വീണു.
ഇപ്പോഴിതാ തനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടി മാല പാര്‍വതി. 2010 ല്‍ പുറത്തിറങ്ങിയ അപൂര്‍വ്വരാഗം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ദുരനുഭവമാണ് മാലാ പാര്‍വതി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.
2009 ല്‍ നേരിട്ട ആ ദുരനുഭവം തനിക്ക് വലിയ ട്രോമയാണ് സമ്മാനിച്ചതെന്നും അതിന് ശേഷം സിനിമകളില്‍ അഭിനയിക്കാന്‍ തനിക്കായില്ലെന്നും മാലാ പാര്‍വതി പറയുന്നു.
‘ അപൂര്‍വരാഗത്തില്‍ നിത്യ മേനോന്റെ അമ്മയുടെ കഥാപാത്രമായാണ് ഞാന്‍ എത്തിയത്. അത് എന്റെ മൂന്നാമത്തെ സിനിമയായിരുന്നു. ആ സിനിമയില്‍ ഇല്ലാതിരുന്ന ഒരു സീന്‍ പിന്നീട് ചിത്രീകരിക്കുകയാണ്. രാത്രിയായിരുന്നു ഷൂട്ട്. ഏതാണ്ട് 11 മണിയൊക്കെ ആയിട്ടുണ്ടാകും.
ആ പ്രമുഖ നായക നടന്റെ ഭാര്യക്കെതിരെ ലൈംഗികാതിക്രമ ശ്രമമുണ്ടായി: രാധിക ശരത്കുമാര്
നിത്യയുടെ കഥാപാത്രം ആദ്യമായി ചുവപ്പ് നിറത്തിലുള്ള ഒരു സാരി ധരിക്കുന്നതും അവളുടെ അച്ഛന് ഇത് കണ്ട് എക്സൈറ്റഡ് ആകുന്നതും നിത്യ എന്റെ മറവില്‍ നില്ക്കുന്നതും ഇവളെ അച്ഛന് കണ്ടുപിടിക്കുന്നതുമായ മനോഹരമായ ഒരു രംഗമായിരുന്നു ഷൂട്ട് ചെയ്യുന്നത്.
ഷൂട്ട് നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആ നടന് മോശമായ രീതിയില്‍ എന്നെ പിടിച്ചു. എനിക്ക് വേദനയെടുത്തു. മാത്രമല്ല ഞാന്‍ വല്ലാത്ത ഒരവസ്ഥയില്‍ ആയിപ്പോയി. പേടിച്ചുപോയെന്ന് തന്നെ പറയാം.
ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയായിപ്പോയി. കൈ മൂവ് ചെയ്യരുതെന്ന് ആ നടനോട് സംവിധായകന് പറയുന്നുണ്ടായിരുന്നു.
പിന്നീട് ആ രംഗം റീടേക്ക് പോവേണ്ടി വന്നു. പക്ഷേ അപ്പോഴേക്കും ഡയലോഗൊക്കെ എന്നോട് മറന്നുപോയിരുന്നു. ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒരക്ഷരം പോലും എനിക്ക് പറയാന്‍ സാധിച്ചില്ല. ആ രംഗം പൂര്‍ത്തിയാക്കാന്‍ പത്ത് ടേക്കോളം പോകേണ്ടി വന്നു.
പിറ്റേ ദിവസവും അയാള്‍ക്കൊപ്പമുള്ള സീനായിരുന്നു ചിത്രീകരിക്കുന്നത്. അന്ന് അയാളോട് ഡയലോഗ് മറന്നുപോയി. എന്റെ മുഖത്ത് നോക്കാന്‍ അയാള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. എനിക്കാണെങ്കില്‍ ഉള്ളില്‍ ദേഷ്യവും.
ആ ഷോട്ടില്‍ എന്റെ മുഖം ക്യാമറയില്‍ ഉണ്ടായിരുന്നില്ല. ഈ നടന്റെ മുഖമാണ് വരേണ്ടിയിരുന്നത്. ഇയാള്‍ക്കും ഒരുപാട് റീടേക്കുകള്‍ പോവേണ്ടിവന്നു.
അവസാനം സംവിധായകന് വന്ന് കൊഡാക്കില്‍ നിന്ന് നിങ്ങള്‍ക്ക് വല്ല കമ്മിഷനും ഉണ്ടോ എന്ന് ചോദിച്ചു. ദയവായി അയാളുടെ മുഖത്തേത്ത് നോക്കരുതെന്നും ഇത് എങ്ങനെയെങ്കിലും ഒരു പൂര്‍ത്തിയാക്കിക്കോട്ടെ എന്നും പറഞ്ഞു. ഈ സംഭവം എനിക്ക് വല്ലാത്ത ട്രോമായായിരുന്നു. കുറച്ച് നാളത്തേക്ക് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയില്ല.
നിഷാന്‍, ആസിഫ് അലി, നിത്യ മേനോന്, വിനയ് ഫോര്‍ട്ട്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരൊക്കെ അഭിനയിച്ച ചിത്രത്തില്‍ തമിഴ് നടന് എല്‍ രാജയാണ് മാല പാര്‍വതിയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ ചിത്രത്തില്‍ എത്തിയത്.
Content Highlight: Actress mala parvathy about a sexual abuse she faced