മിന്നല്‍ മുരളിയില്‍ ആളുകള്‍ക്ക് തോന്നിയ പുതുമ അതാണ്: ടൊവിനോ തോമസ്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ടൊവിനോ തോമസ്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് ടൊവിനോ തന്റെ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് സഹനടനായും വില്ലനായും ചെറിയ വേഷങ്ങള്‍ ചെയ്ത ടൊവിനോ ഗപ്പിയിലൂടെ നായകവേഷവും തനിക്ക് ചേരുമെന്ന് തെളിയിച്ചു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടാനും ടൊവിനോക്ക് സാധിച്ചു.

Also Read: ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള പല ന്യൂ ഏജ് സംവിധായകര്‍ക്കും ഡയലോഗ് ഇഷ്ടമല്ല, അതിന് ഒറ്റക്കാരണമേയുള്ളൂ: പൃഥ്വിരാജ്

കരിയറിലെ അമ്പതാമത് ചിത്രമായ അജയന്റെ രണ്ടാം മോഷണം റിലീസിനൊരുങ്ങുകയാണ്. മൂന്ന് കാലഘട്ടങ്ങളിലെ കഥ പറയുന്ന സിനിമയില്‍ മൂന്ന് വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ത്രീഡിയിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ പ്രതികരണമാണ് ലഭിച്ചത്. മിന്നല്‍ മുരളിയും അജയന്റെ രണ്ടാം മോഷണവും പോലുള്ള വന്‍ ബജറ്റ് സിനിമകള്‍ ഗ്രാമങ്ങള്‍ ബേസ് ചെയ്ത് ഇറങ്ങുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ടൊവിനോ തോമസ്.

ഒരുപാട് ഭാഷകളും അതിനെക്കാള്‍ സംസ്‌കാരങ്ങളും പുരാണങ്ങളും നിറഞ്ഞ നാടാണ് ഇന്ത്യയെന്നും ഇതെല്ലാം ഗ്രാമങ്ങളെ ബേസ് ചെയ്താണ് നിലനില്‍ക്കുന്നതെന്നും ടൊവിനോ പറഞ്ഞു. അത്തരം സ്ഥലങ്ങളിലൂടെ പുതിയൊരു ലോകം പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ് പുതുമയെന്നും മിന്നല്‍ മുരളി ഗ്രാമത്തിലെ സൂപ്പര്‍ഹീറോയായത് അങ്ങനെയാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മെട്രോ സിറ്റികളില്‍ പറന്ന് വന്നിറങ്ങുന്ന സൂപ്പര്‍ഹീറോയെ കണ്ടാല്‍ പ്രേക്ഷകര്‍ക്ക് പുതുമ തോന്നില്ലെന്നും ടൊവിനോ പറഞ്ഞു. ഷോ ഷാ ചാനലിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

Also Read: ആ സീന്‍ ഞാന്‍ വളരെ പേഴ്‌സണലായി എടുത്തു, അതോടെ കയ്യീന്നുപോയി, കരഞ്ഞു: സൈജു കുറുപ്പ്

‘ഇന്ത്യ എന്ന് പറയുന്നത് ഒരുപാട് ഭാഷകളും ഒരുപാട് സംസ്‌കാരങ്ങളും നിറഞ്ഞ നാടാണ്. ഓരോ നാട്ടിലും അവരുടേതായ ഐതിഹ്യങ്ങളും വിശ്വസവുമുണ്ട്. ഇതെല്ലാം അവര്‍ താമസിക്കുന്ന ഗ്രാമത്തിനെ ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. അത്തരം കാര്യങ്ങളൊക്കെ സിനിമയിലൂടെ എക്‌സ്‌പ്ലോര്‍ ചെയ്യുകയാണ് വേണ്ടത്. കാരണം, ഓഡിയന്‍സിന് അതിലൂടെ പുതിയൊരു ലോകം പരിചയപ്പെടുത്തിക്കൊടുക്കുകയാണ്. അജയന്റെ രണ്ടാം മോഷണം ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാക്കാന്‍ കാരണമതാണ്.

അതുപോലെ മിന്നല്‍ മുരളി ഇത്രമാത്രം ചര്‍ച്ചചെയ്യപ്പെടാന്‍ കാരണവും ആ കഥ നടക്കുന്ന സ്ഥലമാണ്. നമ്മള്‍ കണ്ടിട്ടുള്ള ഹോളിവുഡ് സൂപ്പര്‍ഹീറോകള്‍ മുഴുവന്‍ വലിയ സിറ്റികളെ മാത്രം രക്ഷിക്കുന്നവരാണ്. മിന്നല്‍ മുരളിയില്‍ നോക്കിയാല്‍ ഒരു സാധാരണ ഗ്രാമത്തില്‍ മുണ്ടുടുത്ത് നടക്കുന്ന സൂപ്പര്‍ഹീറോ. അതാണ് ആ സിനിമയിലെ പുതുമ. അല്ലാതെ മിന്നല്‍ മുരളി ഏതെങ്കിലും മെട്രോ സിറ്റിയില്‍ വന്നിറങ്ങിയാല്‍ ഓഡിയന്‍സിന് പുതുമ തോന്നില്ല,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas explains why Minnal Murali got that level of reach