ഇന്ത്യ മുഴുവന്‍ ഷൂട്ട് ചെയ്ത ചിത്രം; ഞാന്‍ അദ്ദേഹത്തിന്റെ സിനിമയുടെ ആരാധകന്‍: മോഹന്‍ലാല്‍

മോഹന്‍ലാല്‍ എം.ജി.ആറായി എത്തിയ സിനിമയായിരുന്നു ഇരുവര്‍. മണിരത്നം സംവിധാനം ചെയ്ത ഈ സിനിമ 1997ലായിരുന്നു പുറത്തിറങ്ങിയത്. മോഹന്‍ലാലിന് പുറമെ പ്രകാശ് രാജ്, ഐശ്വര്യ റായ്, രേവതി, ഗൗതമി, തബു, നാസര്‍ തുടങ്ങിയ മികച്ച കാസ്റ്റിങ്ങായിരുന്നു ഇരുവറിന്റേത്.

mohanlal Talks About Iruvar Movie

ഇപ്പോള്‍ ഇരുവറിനെ കുറിച്ചും എം.ജി.ആറിനെ കുറിച്ചും പറയുകയാണ് മോഹന്‍ലാല്‍. ആ സിനിമയില്‍ എം.ജി.ആറിന്റെ സിനിമകളിലെ ഒരു മാനറിസങ്ങളും കൊണ്ടുവന്നിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. താന്‍ എം.ജി.ആറിന്റെ ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: കമല്‍ സാര്‍ ചെയ്ത ആ കഥാപാത്രം എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്: വിക്രം

‘നമ്മള്‍ ഇരുവര്‍ എന്ന സിനിമ തുടങ്ങി കഴിയുന്നത് വരെ എം.ജി.ആറെന്നോ അല്ലെങ്കില്‍ കരുണാനിധിയെന്നോ ജയലളിതയെന്നോ പറഞ്ഞിട്ടില്ല. സിനിമ ചെയ്തത് രണ്ട് കൂട്ടുകാരുടെ കഥ ആയിട്ടാണ്. എന്നാല്‍ ഇരുവര്‍ കണ്ടുകഴിഞ്ഞപ്പോഴാണ് അത് അവരിലേക്കുള്ള കഥയാണെന്ന് മനസിലാകുന്നത്. പിന്നെ ആ സമയത്ത് ഒരുപാട് രാഷ്ട്രീയ മാറ്റങ്ങളൊക്കെ അവിടെയുണ്ടായിരുന്നു.

അതിന്റെ ഭാഗമായിട്ടാകണം അന്ന് സിനിമയുടെ സെന്‍സറിങ്ങിനൊക്കെ ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ആ സിനിമ വന്നത്. പിന്നെ പറയേണ്ട കാര്യം, ആ സിനിമയില്‍ എം.ജി.ആറിന്റെ സിനിമകളിലെ ഒരു മാനറിസങ്ങളും കൊണ്ടുവന്നിട്ടില്ല എന്നതാണ്.

സിനിമകളില്‍ അദ്ദേഹത്തിന് ഒരുപാട് സ്‌റ്റൈലുണ്ട്. എന്നാല്‍ അതൊന്നും തന്നെ ഇരുവര്‍ സിനിമയില്‍ നമ്മള്‍ കൊണ്ടുവന്നിട്ടില്ല. അതിനൊരു കാരണമുണ്ടായിരുന്നു. അദ്ദേഹത്തെ ഇമിറ്റേറ്റ് ചെയ്യാന്‍ നോക്കിയാല്‍ കളിയാക്കുന്നത് പോലെയാകും. മാത്രമല്ല, അദ്ദേഹത്തിന്റെ പേഴ്സണല്‍ ലൈഫാണ് ആ സിനിമയില്‍ നമ്മള്‍ കാണിച്ചത്.

Also Read: നമ്മുടെ സിനിമയൊക്കെ മറ്റ് ഇന്‍ഡസ്ട്രിയിലെ നടന്മാര്‍ കാണാറുണ്ടെന്ന് ആ സംഭവത്തോടെ മനസിലായി: ആന്റണി വര്‍ഗീസ് പെപ്പെ

അതിനെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹത്തെ എനിക്ക് അറിയാമായിരുന്നു. ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്, അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. ഞാന്‍ എം.ജി.ആറിന്റെ ഭയങ്കര വലിയ ഫാനായിരുന്നു. ഇപ്പോഴും ഒരു ഫാന്‍ തന്നെയാണ്. ഇന്നും ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളുടെ ഫാനാണ്.

അന്ന് ഇരുവര്‍ സിനിമ കഴിഞ്ഞപ്പോള്‍ എം.ജി.ആറിന്റെ കൂടെയുള്ള പലരും അദ്ദേഹത്തിന്റെ പേഴ്സണല്‍ ലൈഫിലെ ഒരുപാട് മാനറിസങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞിരുന്നു. പിന്നെ ആ സിനിമ എങ്ങനെ ചെയ്തെന്ന് ചോദിച്ചാല്‍ അതിന് എന്റെ കൈയ്യില്‍ ഉത്തരമില്ലെന്ന് വേണം പറയാന്‍.

ഇരുവര്‍ ഇന്ത്യ മുഴുവന്‍ ഷൂട്ട് ചെയ്ത സിനിമയായിരുന്നു. എനിക്ക് തോന്നിയ കാര്യം, ഇന്ത്യന്‍ സിനിമകളില്‍ ഒരു നൂറ് സിനിമയുടെ ഒരു സിനിമയാണ് ഇരുവര്‍ എന്നാണ്. ക്രാഫ്റ്റ് വൈസായി ഈ സിനിമ വളരെ മികച്ചതാണ്. ഇരുവറിനെ കുറിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നത്,’ മോഹന്‍ലാല്‍ പറയുന്നു.

content Highlight: Mohanlal Talks About MGR