ബിലാലില്‍ ബിഗ് ബിയിലുള്ള ആളുകള്‍ക്ക് മാത്രമാണ് അവസരമെന്ന് അദ്ദേഹം പറഞ്ഞു: അബു സലിം

Abu Salim

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അബു സലിം. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഭീഷ്മ പര്‍വ്വത്തിലെ ശിവന്‍കുട്ടി. 2022ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് – മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം.

മമ്മൂട്ടി മൈക്കിളെന്ന കഥാപാത്രമായെത്തിയ ഈ സിനിമയില്‍ അബു സലിമിന് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു, ലെന, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിരയായിരുന്നു ഒന്നിച്ചത്. ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയുടെ വലംകൈ ആയിട്ടാണ് ശിവന്‍കുട്ടി എന്ന കഥാപാത്രം എത്തിയത്. ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് അബു സലിം.

Also Read: ടൈം ട്രാവല്‍ ചെയ്യാനുള്ള കഴിവ് കിട്ടിയാല്‍ ഞാന്‍ പോകുക ആ ഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക്: ആസിഫ് അലി

‘അമല്‍ നീരദ് സാറിനെ ഞാന്‍ വളരെ മുമ്പുതന്നെ പരിചയപ്പെട്ടിരുന്നു. സിനിമയില്‍ ചാന്‍സ് ചോദിക്കുമ്പോള്‍ അദ്ദേഹം നമുക്ക് ഉടനെ ചെയ്യാമെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. അപ്പോള്‍ ഞാന്‍ കരുതിയിരുന്നത് അദ്ദേഹത്തിന്റെ മനസില്‍ എനിക്ക് പറ്റിയ കഥാപാത്രം വന്നിട്ടില്ലായിരിക്കുമെന്നാണ്.

അങ്ങനെയിരിക്കെ കൊവിഡിന്റെ തൊട്ടുമുമ്പ് അമല്‍ സാര്‍ ബിലാലിന്റെ ഷൂട്ട് തുടങ്ങാനുള്ള പ്ലാനിങ്ങിലാണെന്ന് അറിഞ്ഞു. ആ സമയത്ത് ഒരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് സിനിമയില്‍ അവസരം ചോദിച്ചു.
അന്ന് അദ്ദേഹം തന്ന മറുപടി ‘ബിഗ് ബിയിലുള്ള ആള്‍ക്കാര് മാത്രമേ ഉണ്ടാകുകയുള്ളു. പുതിയ ആളുകള്‍ ഉണ്ടാകുമോയെന്ന് സംശയമാണ്’ എന്നായിരുന്നു.

Also Read: അതിനോടൊക്കെ എനിക്ക് പ്രതികരിക്കാൻ തോന്നിയിട്ടുണ്ട്, പക്ഷെ പ്രതികരിച്ചിട്ട് കാര്യമില്ല: ഗിരീഷ് എ.ഡി

പക്ഷെ കൊവിഡ് വന്നപ്പോള്‍ ബിലാലിന്റെ പ്ലാനിങ്ങൊക്കെ മാറി. അങ്ങനെയാണ് അദ്ദേഹത്തിന്റെ മുന്നില്‍ ഭീഷ്മ പര്‍വ്വത്തിന്റെ സബ്‌ജെക്റ്റ് വന്നത്. പക്ഷെ ഇതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല എന്നാണ് സത്യം. അങ്ങനെ ഒരു ദിവസം എനിക്ക് അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നു.

മമ്മൂക്കയോടൊപ്പം പുതിയ സിനിമ തുടങ്ങുന്നുണ്ടെന്നും നിങ്ങള്‍ പറഞ്ഞത് പോലെ നിങ്ങള്‍ക്ക് പറ്റിയ ഒരു വേഷമുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഇപ്പോള്‍ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.

ഇപ്പോള്‍ വേറെ പടമില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞതും ഈ സിനിമക്ക് ഇനിയും രണ്ട് മാസം സമയമുണ്ടെന്ന് അമല്‍ സാര്‍ പറഞ്ഞു. എനിക്ക് ചെറിയ റോളല്ലെന്നും മുടിയും താടിയും വളര്‍ത്തണമെന്നും സാര്‍ ആവശ്യപ്പെട്ടു. അത് കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി,’ അബു സലിം പറയുന്നു.

Content Highlight: Abu Salim Talks About Bheeshma Parvam And Amal Neerad