മലയാളികള്‍ക്ക് അന്നും ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്മാന്. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. മമ്മൂട്ടി, സുഹാസിനി തുടങ്ങിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു കൂടെവിടെ. ഈ സിനിമയിലെ അഭിനയത്തിന് റഹ്മാന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.
ശേഷം മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായ റഹ്മാന് യുവതി യുവാക്കളുടെ ഹരമായി മാറുകയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞ് നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആ കാലഘട്ടത്തില്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ജോഡിയാണ് റഹ്മാന് – രോഹിണി കൂട്ടുകെട്ട്.
വണ്‍ റ്റു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ കൂടെ അഭിനയിച്ച നായികമാരില്‍ ഒരാളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ രോഹിണിയുടെ പേര് പറഞ്ഞിരിക്കുകയാണ് റഹ്മാന്. ശോഭനയുമായി താന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ രോഹിണിയുടെ പേരാണ് പറയുകയെന്നുമാണ് അദ്ദേഹം പറയുന്നത്.
‘രോഹിണി, അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ അവളുടെ പേരാണ് പറയുക. ഞാന്‍ ശോഭനയുമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എങ്കിലും രോഹിണിയും ഞാനും തമ്മില്‍ ക്യാമറയുടെ മുന്നില്‍ നല്ല കെമിസ്ട്രി ആയിരുന്നു. പണ്ട് കൂടെ അഭിനയിക്കുന്ന ചില ആക്ടേഴ്സ് പെട്ടെന്ന് സീനിന്റെ ഷൂട്ടിന്റെ ഇടയില്‍ എന്തെങ്കിലുമൊക്കെ മാറ്റി ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
Also Read: ബച്ചൻ സാർ എന്റെ സിനിമകൾ വേണമെന്ന് പറഞ്ഞപ്പോൾ, ഞാൻ നൽകിയ പ്രധാന ചിത്രം അതാണ്: മോഹൻലാൽ
ആ സമയത്ത് അതിനനുസരിച്ച് ടേക്ക് തെറ്റിക്കാതെ റിയാക്റ്റ് ചെയ്യാനുള്ള അണ്ടര്‍സ്റ്റാന്റിങ്ങും കെമിസ്ട്രിയും എനിക്കും രോഹിണിക്കും ഇടയില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ചെയ്യുന്ന ഡാന്‍സിലാണെങ്കിലും ചില സീനുകളിലാണെങ്കിലും അങ്ങനെ തന്നെയാണ്. രോഹിണി പെട്ടെന്ന് എന്റെ മനസ് മനസിലാക്കും. ലവ് സീന്‍ ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഇരിക്കുകയായിരിക്കും.
ആ സമയത്ത് ഞാന്‍ പെട്ടെന്ന് മടിയില്‍ തല വെച്ച് കിടക്കും. അങ്ങനെയൊരു കാര്യം ചിലപ്പോള്‍ സംവിധായകന് പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പക്ഷെ രോഹിണി ഒരിക്കലും അയ്യോ ഇതെന്തായെന്ന് ചോദിച്ചിട്ടില്ല. ആ ഫ്ളോയില്‍ അങ്ങ് പോകുകയാണ് ചെയ്യാറ്. പക്ഷെ ചില ആര്‍ട്ടിസ്റ്റുകള്‍ ഞാന്‍ അങ്ങനെ ചെയ്യുമ്പോള്‍ കട്ട് പറയും. അങ്ങനെയൊരു കെമിസ്ട്രി എനിക്കും രോഹിണിക്കും ഉണ്ടായിരുന്നു,’ റഹ്മാന് പറയുന്നു.
Content Highlight: Actor Rahman Talks About Rohini And Shobana