മമ്മൂക്കയില്‍ എപ്പോഴും തമാശ പറയുന്ന ഒരു കുട്ടിയുണ്ട്; അന്ന് മൂക്കുത്തി അമ്മനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്: ഉര്‍വശി

കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനാണ് മമ്മൂട്ടിക്ക് ഇഷ്ടമെന്ന് പറയുകയാണ് നടി ഉര്‍വശി. അദ്ദേഹത്തിനുള്ളില്‍ എപ്പോഴും തമാശ പറയുന്ന ഒരു കുട്ടിയുണ്ടെന്നും ഉര്‍വശി പറയുന്നു. തന്റെ മൂക്കുത്തി അമ്മന്‍, സൂരാരൈ പോട്ര് എന്നീ സിനിമകള്‍ ഇറങ്ങിയ സമയത്ത് മമ്മൂട്ടി തന്നെ വിളിച്ച കാര്യത്തെ കുറിച്ചും നടി കൂട്ടിച്ചേര്‍ത്തു.

Also Read: അജയന്റെ രണ്ടാം മോഷണം രാജുവേട്ടൻ ആദ്യം കാണണമെന്നാണ് ഞാൻ ആഗ്രഹിച്ചത്, കാരണമുണ്ട്: ടൊവിനോ

മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി. മമ്മൂട്ടി കോമഡിയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യുന്നത് കരിയറിനെ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘സഹപ്രവര്‍ത്തകരില്‍ പലരും നര്‍മ ബോധമുള്ളവരും ജീവിതത്തെ വളരെ ലൈറ്റായി കാണുന്നവരുമാണെങ്കില്‍ കൂടെയും, അത് പൊതുവായി പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. അതിനുള്ള ഒരു ഉദാഹരണമാണ് മമ്മൂക്ക. അദ്ദേഹത്തിനുള്ളില്‍ എപ്പോഴും തമാശ പറയുന്ന ഒരു കുട്ടിയുണ്ട്.

Also Read: അവർ പറയുന്നത് കേട്ട് ഇത് ടൈം ട്രാവൽ സിനിമയാണോയെന്ന് ചോദിച്ചവരുണ്ട്: ടൊവിനോ തോമസ്

കൂടെ വര്‍ക്ക് ചെയ്തത് കൊണ്ട് എനിക്ക് അത് അനുഭവമുണ്ട്. കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനാണ് മമ്മൂക്കക്ക് ഇഷ്ടം. ബാക്കിയുള്ളതൊക്കെ കരിയറിനെ ബാലന്‍സ് ചെയ്യാന്‍ വേണ്ടി ചെയ്യുന്നതാണ്. കൊവിഡിന് ഒ.ടി.ടിയില്‍ ആദ്യമായി സിനിമകള്‍ വന്നു തുടങ്ങിയ സമയമായിരുന്നു.

അപ്പോള്‍ എന്റെ രണ്ട് പടങ്ങള്‍ ഇറങ്ങിയിരുന്നു. മൂക്കുത്തി അമ്മനും സൂരാരൈ പോട്രുമാണ് ആ സിനിമകള്‍. പിന്നെയുള്ളത് ഒരു ആന്തോളജി ചിത്രമായിരുന്നു. മമ്മൂക്ക കൊവിഡ് സമയത്ത് എന്നെ വിളിച്ച് പറഞ്ഞത് മൂക്കുത്തി അമ്മനെ കുറിച്ചാണ്. ആ തമാശ പടം കണ്ടുള്ള അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ആ മനസൊന്ന് ആലോചിച്ചു നോക്കൂ,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About Mammootty