അത് ഞങ്ങളുടെ തെറ്റ്, പവര്‍ഗ്രൂപ്പല്ല; വീഡിയോയുടെ പിന്നില്‍ ഒരു കഥയുണ്ട്: ആസിഫ് അലി

ഇത്തവണ ഓണം റിലീസുകള്‍ തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വിവാദങ്ങള്‍ ഉയര്‍ന്നത്.

മൂവരും തങ്ങളുടെ പുതിയ സിനിമകളായ എ.ആര്‍.എം., കിഷ്‌ക്കിന്ധാ കാണ്ഡം, കൊണ്ടല്‍ എന്നിവയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. അതിന് പിന്നാലെ മൂവര്‍ക്കും എതിരെ ഷീലു എബ്രഹാമും ഒമര്‍ ലുലുവും പോസ്റ്റുമായി വരികയായിരുന്നു.

ഈ സിനിമകളോടൊപ്പം ക്ലാഷ് റിലീസായി എത്തിയ ബാഡ് ബോയ്സ് സിനിമയെ മൂവരും പ്രൊമോഷനില്‍ നിന്ന് ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്. അവരുടെ സിനിമകള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നതെന്ന തെറ്റിദ്ധാരണയാണ് അവര്‍ പ്രേക്ഷകരിലേക്ക് കൊടുത്തത് എന്നായിരുന്നു ഷീലു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

Also Read: കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാബൂളി വാല എന്നിവ എന്നെ തേടി വന്നു, നോ പറയാൻ കാരണമുണ്ട്: മേതിൽ ദേവിക

പവര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദിയെന്നും അവര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കുകയാണ് ആസിഫ് അലി. തന്റെ ഏറ്റവും പുതിയ ചിത്രമായ കിഷ്‌ക്കിന്ധാ കാണ്ഡത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാനും ടൊവിയും പെപ്പെയും ഏകദേശം ഒരേ ഏജ് ഗ്രൂപ്പിലുള്ള ആളുകളാണ്. ഈ സിനിമകള്‍ ഓണത്തിന് റിലീസാകുന്നതിനെ കുറിച്ചും അതിന്റെ എക്‌സൈറ്റ്‌മെന്റിനെ കുറിച്ചും പല സമയത്തും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. മലയാള സിനിമക്ക് വളരെ ഗംഭീരമായിട്ടുള്ള കിക്ക് സ്റ്റാര്‍ട്ട് കിട്ടിയ ഒരു വര്‍ഷമാണ് ഇത്. നമുക്ക് ഒരുപാട് നല്ല സിനിമകള്‍ വന്നു. ഈ വര്‍ഷം തിയേറ്ററുകള്‍ വീണ്ടും സജീവമായി.

അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുന്നത്. അതിന്റെ നെഗറ്റിവിറ്റി സിനിമയില്‍ മൊത്തം വന്നു. തിയേറ്ററിനെ അത് എഫക്ട് ചെയ്‌തോ ഇല്ലയോയെന്ന് നമുക്ക് അറിയില്ല. പക്ഷെ എല്ലാ ബിസിനസിനെയും പോലെ ഈ ഓണക്കാലമെന്ന് പറയുന്നത് സിനിമക്കും വളരെ ഇമ്പോട്ടന്റായിട്ടുള്ള ഒരു സീസണാണ്.

സ്‌കൂളുകള്‍ അടച്ചു കഴിഞ്ഞാല്‍ ഫാമിലിക്ക് വന്ന് കാണാന്‍ എല്ലാ രീതിയിലുമുള്ള സിനിമകള്‍ റിലീസാകുന്ന ഓണമാണ് ഇത്തവണത്തേത്. ആ സീസണ്‍ സജീവമാകണമെന്ന ഒരു ഉദ്ദേശം മാത്രമാണ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഞങ്ങള്‍ മൂന്നുപേരും സിനിമകളുടെ പ്രൊമോഷന് വേണ്ടി മൂന്ന് സ്ഥലങ്ങളില്‍ നില്‍ക്കുന്ന സമയത്താണ് ഇങ്ങനെയുള്ള ഒരു പ്രൊമോഷന്റെ ചിന്ത വരുന്നത്.

Also Read: ആ സിനിമ വിജയമായപ്പോള്‍ എന്നെ നായകനാക്കാന്‍ പലര്‍ക്കും കോണ്‍ഫിഡന്‍സ് വന്നു: ജഗദീഷ്

ആ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതില്‍ ബാക്കിയുള്ള സിനിമകളെ മെന്‍ഷന്‍ ചെയ്തില്ല എന്നുള്ളത് ഒരു തെറ്റാണ്. അത് ഞങ്ങള്‍ക്ക് ഉറപ്പായിട്ടും മനസിലായി. എന്നാല്‍ അതിന്റെ പിന്നില്‍ ഉണ്ടായിരുന്ന ആഗ്രഹം അല്ലെങ്കില്‍ ആ ഒരു ഇനീഷേറ്റീവ് വളരെ പോസിറ്റീവായിരുന്നു. ഞങ്ങള്‍ക്ക് തീര്‍ച്ചയായും ഞങ്ങളുടെ സിനിമകള്‍ വരുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു.

അതുകൊണ്ട് മൂന്നുപേരും ഒരുമിച്ച് മൂന്ന് സിനിമക്ക് വേണ്ടി ഒരുമിച്ച് വരുന്നുവെന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ക്കും അത് മനസിലാകും. അത്ര മാത്രമേ ഞങ്ങള്‍ ചിന്തിച്ചിരുന്നുള്ളൂ. അല്ലാതെ അത് ഒരു നെഗറ്റീവ് ആംഗിളിലേക്ക് പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഈ സിനിമകളൊക്കെ ഓണം റിലീസായി ഒരുമിച്ച് വരുന്നതാണ്.

എല്ലാം ആളുകളുടെ ചോയ്‌സാണ്. മാര്‍ക്കറ്റ് ചെയ്യാന്‍ മാത്രമേ നമുക്ക് പറ്റുകയുള്ളൂ. ഒരു പേര് പറഞ്ഞില്ലെന്ന് ഓര്‍ത്ത് സിനിമക്ക് ഒരിക്കലും മോശം സംഭവിക്കില്ല. ശക്തമായ മാര്‍ക്കറ്റിങ് ചെയ്യുന്ന സിനിമകളാണ് ബാക്കിയുള്ളത്. സിനിമയുടെ പേര് വിട്ടുപോയതില്‍ തീര്‍ച്ചയായും വിഷമമുണ്ട്. പക്ഷെ അതിന്റെ പിന്നിലുണ്ടായ കഥ ഇതാണ്. അല്ലാതെ അതിന്റെ അകത്ത് പവര്‍ഗ്രൂപ്പല്ല,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About power Group And Sheelu Abraham’s Post