അന്ന് ആ മലയാള സിനിമ കണ്ടപ്പോള്‍ അതിന്റെ ഭാഗമായതില്‍ വലിയ അഭിമാനം തോന്നി: നിത്യ മേനോന്‍

തിയേറ്ററിന് പുറത്ത് വന്നപ്പോള്‍ ആദ്യമായി ഒരു ചിത്രത്തിന്റെ ഭാഗമായതില്‍ തനിക്ക് വളരെ അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഉസ്താദ് ഹോട്ടല്‍ സിനിമയാണെന്ന് പറയുകയാണ് നടി നിത്യ മേനോന്‍. തനിക്ക് ഏറ്റവും സ്‌പെഷ്യലായ ഒരു സിനിമ തന്നെയായിരുന്നു അതെന്നും നിത്യ പറയുന്നു.

തനിക്ക് സിനിമയില്‍ പഴയ ലെജന്റ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് ഉസ്താദ് ഹോട്ടലില്‍ നടന്‍ തിലകന്റെ കൂടെ അഭിനയിച്ചത് വളരെ സ്‌പെഷ്യലായി തോന്നുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. റേഡിയോ സിറ്റി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ മേനോന്‍.

Also Read: ഏറ്റവും ബ്രില്ലിയന്റ് സംവിധായകന്‍; ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്: നിത്യ മേനോന്‍

‘എന്റെ സിനിമ കണ്ടിട്ട് തിയേറ്ററിന് വെളിയില്‍ വന്നപ്പോള്‍ ആദ്യമായി ഒരു സിനിമയുടെ ഭാഗമായതില്‍ എനിക്ക് വളരെ അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഉസ്താദ് ഹോട്ടലാണ്. വളരെ നന്നായി ചെയ്ത ഒരു സിനിമയായിരുന്നു അത്. എനിക്ക് ഏറ്റവും സ്‌പെഷ്യലായ ഒരു സിനിമ തന്നെയായിരുന്നു ഉസ്താദ് ഹോട്ടല്‍.

ആ സിനിമയില്‍ എന്റെ പോഷന്‍സ് ഷൂട്ട് ചെയ്തത് കൊച്ചിയിലും കോഴിക്കോടുമായിട്ടായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി കോഴിക്കോട് പോകുന്നത്. പിന്നെ എനിക്ക് സിനിമയില്‍ പഴയ ലെജന്റ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല.

അതുകൊണ്ട് തിലകന്‍ സാറിന്റെ കൂടെ ഉസ്താദ് ഹോട്ടല്‍ ചെയ്തത് വളരെ സ്‌പെഷ്യലായി തോന്നുന്നുണ്ട്. തിരുചിത്രമ്പലത്തില്‍ ഭാരതിരാജ സാറിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയതും ഇതുപോലെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അവരെ പോലെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കുറഞ്ഞ അവസരമേ ലഭിച്ചിട്ടുള്ളൂ,’ നിത്യ മേനോന്‍ പറയുന്നു.

Also Read: എളുപ്പത്തില്‍ എനിക്ക് സിനിമയും സീനും ചെയ്യാനാകുന്നത് അയാള്‍ക്കൊപ്പം: അപര്‍ണ ബാലമുരളി

നിത്യ മേനോന്‍ – ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഒന്നിച്ച ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. നിത്യക്കും ദുല്‍ഖറിനും പുറമെ തിലകന്‍, സിദ്ദിഖ്, ലെന, മാമുക്കോയ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

ദുല്‍ഖര്‍ ഫൈസിയായി എത്തിയ ഉസ്താദ് ഹോട്ടലില്‍ കരിം എന്ന കഥാപാത്രമായി എത്തിയത് തിലകനായിരുന്നു. മലയാളത്തിലെ ന്യൂ-ജെന്‍ സിനിമാ പ്രസ്ഥാനത്തിന്റെ കാലത്ത് നിര്‍മിച്ച ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഷഹാന എന്ന കഥാപാത്രമായാണ് നിത്യ എത്തിയത്.

Content Highlight: Nithya Menon Talks About Usthad Hotel Movie And Thilakan