ആസിഫ് അലിയെ നായകനാക്കി ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ആസിഫിന്റേയും വിജയരാഘവന്റേയും ഗംഭീരപ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്.
എ ക്യൂരിയസ് കേസ് ഓഫ് അപ്പുപ്പിള്ള’ എന്ന ആദ്യത്തെ പേര് മാറ്റിയാണ് കിഷ്‌കിന്ധാകാണ്ഡം എന്ന പേര് സിനിമയ്ക്ക് നല്‍കുന്നത്. ആ പേര് മാറ്റത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ദിന്‍ജിത്ത്.
കുട്ടേട്ടന്‍ (വിജയരാഘവന്‍) അവതരിപ്പിക്കുന്ന കഥാപാത്രമാണ് അപ്പുപ്പിള്ള. ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നമ്മുടെ ശ്രദ്ധ മുഴുവന്‍ ഈ കഥാപാത്രത്തിലേക്ക് മാറുമെന്നുള്ള പ്രശ്നം മനസിലേക്ക് വന്നു.
പിന്നെ ഇതിനോട് സാദൃശ്യമുള്ള മറ്റുപേരുകളും ആളുകളുടെ മനസിലേക്ക് വരും. അതോടെ വളരെ ഫ്രഷ് ആയൊരു പേരിനായുള്ള അന്വേഷണമായി. അങ്ങനെ കിഷ്‌ക്കിന്ധാകാണ്ഡം എന്ന പേരിലേക്കെത്തി, ദിന്‍ജിത്ത് പറയുന്നു.
രാമായണത്തില്‍ ബാലിയുടേയും സുഗ്രീവന്റേയും രാജ്യമാണ് കിഷ്‌ക്കിന്ധ. പക്ഷേ ഈ സിനിമയില്‍ പുരാണവുമായി ബന്ധമൊന്നുമില്ല. എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ ഒരു ഭാഗമാണ് കുരങ്ങന്മാര്‍.
കുരങ്ങന്മാരല്ലാതെ വേറെയും ജീവജാലങ്ങളുണ്ട്. വനപ്രദേശത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വലിയൊരു തറവാടുവീട്ടിലാണ് കഥ നടക്കുന്നത്. അപ്പോള്‍ ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പേരുവേണമെന്ന് തോന്നി. കഥയ്ക്ക് സാധാരണ പേരിട്ടാല്‍ ശരിയാവില്ലെന്ന് തോന്നി. അങ്ങനെയാണ് കിഷ്‌ക്കിന്ധാകാണ്ഡം എന്ന പേരിലേക്കെത്തുന്നത്.
ഒരു ചിത്രം കഴിഞ്ഞ്, ചെറിയൊരു ബ്രേക്കെടുത്ത് സിനിമ ചെയ്യുന്ന സംവിധായകനല്ല താെന്നും. ഇക്കാലത്തിനിടയ്ക്ക് എത്രയോ തിരക്കഥകള്‍ വായിച്ചെങ്കിലും തന്നെ ആശ്ചര്യപ്പെടുത്തുന്ന ഒന്നും കിട്ടിയിരുന്നില്ലെന്ന് ദിന്‍ജിത്ത് പറയുന്നു.
‘ എന്റെ രണ്ടാമത്തെ പടം നൂറുശതമാനം ഹിറ്റാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കക്ഷി അമ്മിണിപ്പിള്ളയ്ക്കുശേഷം ഏതെങ്കിലും ഒരു സിനിമ ചെയ്ത് കുറച്ച് പണമുണ്ടാക്കണം എന്നുകരുതിയാല്‍ മനസിന് സംതൃപ്തിയുണ്ടാവില്ല. എന്നാല്‍ കിഷ്‌ക്കിന്ധാകാണ്ഡത്തിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്,’ ദിന്‍ജിത്ത് പറഞ്ഞു.
Content Highlight: kishkindhakandam Movie Director Diljith about Vijayaraghavan and Movie name