നിവിന്‍ പോളിയുടെ അമ്മയായി അഭിനയിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം സംശയിച്ചു: പൂര്‍ണിമ ഇന്ദ്രജിത്ത്

Poornima Indrajith

ഗോപന്‍ ചിദംബരന്‍ രചനയില്‍ രാജീവ് രവി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുറമുഖം. ഗോപന്‍ ചിദംബരന്റെ പിതാവ് കെ.എം. ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ പുറത്തിറങ്ങിയത്.

നിവിന്‍ പോളി നായകനായ സിനിമയില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

Also Read: ആ സംവിധായകനോട്‌ പൃഥ്വി എന്റെ പേര് പറഞ്ഞപ്പോൾ മറ്റൊരാളെ വെക്കാനാണ് ആദ്യം പറഞ്ഞത്: ദീപക് ദേവ്

സിനിമയില്‍ നടി പൂര്‍ണിമ ഇന്ദ്രജിത്തും അഭിനയിച്ചിരുന്നു. നിവിന്‍ പോളി അവതരിപ്പിച്ച മൊയ്തുവെന്ന കഥാപാത്രത്തിന്റെ ഉമ്മ പാത്തുവായാണ് പൂര്‍ണിമ തുറമുഖത്തില്‍ എത്തിയത്. ഇപ്പോള്‍ ഈ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

‘തുറമുഖം എന്ന സിനിമക്ക് ശേഷം ഞാന്‍ മനസില്‍ വിചാരിച്ച ഒരു കാര്യമുണ്ട്. സ്റ്റീരിയോ ടൈപ്പായി പോകരുത് എന്നായിരുന്നു എന്റെ ആഗ്രഹം. സ്വാഭാവികമായിട്ടും നമ്മള്‍ ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ ചിലപ്പോള്‍ അതിലെ കഥാപാത്രത്തിന് അകത്ത് കുറച്ചു കാലം സഞ്ചരിച്ചു പോകും.

ഇവിടെ തുറമുഖം സിനിമയെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഈ സിനിമയിലെ പാത്തുമ്മയായി കുറച്ച് കാലം സഞ്ചരിച്ചിട്ടുണ്ട് എന്നതാണ് സത്യം. കാരണം സിനിമ ഷൂട്ടിങ് ചെയ്യാനും ഷൂട്ടിങ് കംപ്ലീറ്റാകാനും സിനിമ റിലീസാകാനുമൊക്കെ കുറച്ച് സമയമെടുത്തിരുന്നു.

Also Read: മലയാളത്തില്‍ മാത്രമേ ഓഡിയന്‍സിനെ കണ്‍വിന്‍സ് ചെയ്യുന്ന സിനിമകള്‍ ഇറങ്ങുന്നുള്ളൂ: ആസിഫ് അലി

അതിനുശേഷം വരുന്ന കഥാപാത്രങ്ങളും കേള്‍ക്കുന്ന സ്‌ക്രിപ്റ്റുമെല്ലാം ഏകദേശം അതുമായി ചേര്‍ത്തുവെക്കാന്‍ പറ്റുന്നത് തന്നെയായിരുന്നു. എന്നാല്‍ ആ കഥാപാത്രം തന്നെ റിപ്പീറ്റഡായി ചെയ്യരുതെന്ന് എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. അത് എന്റെയൊരു കോണ്‍ഷ്യസ് എഫേര്‍ട്ടായിരുന്നു.

കാരണം അങ്ങനെ വന്നു കഴിയുമ്പോള്‍ സ്റ്റീരിയോ ടൈപ്പായി പോകുമോയെന്ന് ഞാന്‍ സംശയിച്ചു. ഇപ്പോള്‍ ഒരു പ്രൊഫൈല്‍ ബില്‍ഡിങ് ഫേസായിട്ടാണ് ഞാന്‍ എന്റെ കരിയറിനെ കരുതുന്നത്. ബ്രേക്ക് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ റെലവന്റായിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,’ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.

Content Highlight: Poornima Indrajith Talks About Her Character In Nivin Pauly’s Thuramukham Movie