ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് അജയന്റെ രണ്ടാം മോഷണം. വലിയ സ്‌കെയിലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രീഡിയില്‍ ഒരുക്കിയ സിനിമയില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടൊവിനോ എത്തിയിരിക്കുന്നത്.
എന്നാല്‍ സിനിമയ്ക്ക് അര്‍ഹിക്കുന്ന രീതിയിലുള്ള മാര്‍ക്കറ്റിങ് നടത്തിയില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ മറുപടി നല്‍കുകയാണ് നടന്‍ ടൊവിനോ തോമസ്.
കയ്യിലുള്ള അവസാനത്തെ പൈസ വരെ ചിത്രത്തിന്റെ പെര്‍ഫക്ഷന് വേണ്ടി ചിലവിടാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും ചിത്രത്തിനായി ഉപയോഗിക്കേണ്ട തുക മാര്‍ക്കറ്റിങ്ങിനായി മാറ്റിവെക്കാന്‍ മനസ് അനുവദിച്ചില്ലെന്നുമാണ് ടൊവിനോ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.
‘പുതുമുഖ സംവിധായകനാണ്. പുതിയ എഴുത്തുകാരനും. ഈ ചിത്രം ഇത്ര വലിയ രീതിയില്‍ ത്രീഡിയില്‍ തന്നെ വേണമെന്നതു ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു.
കയ്യിലുള്ള അവസാനത്തെ പൈസ വരെയും ചിത്രത്തിന്റെ പെര്‍ഫക്ഷനു വേണ്ടി ചെലവിടാനാണു ഞങ്ങള്‍ ശ്രമിച്ചത്. ചിത്രത്തിനായി ഉപയോഗിക്കേണ്ട തുക മാര്‍ക്കറ്റിങ്ങിനായി മാറ്റിവയ്ക്കാന്‍ മനസ്സ് അനുവദിച്ചില്ല.
മാത്രമല്ല, മാര്‍ക്കറ്റിങ്ങിനു വളരെ വലിയ ബജറ്റിടാന്‍ മാത്രം വലുപ്പം നമ്മുടെ ഇന്‍ഡസ്ട്രിക്കില്ല. ഇതരഭാഷകളിലെ പല വന്‍കിട ചിത്രങ്ങളുടെയും പ്രമോഷന്‍ ബജറ്റ് എ.ആര്‍.എമ്മിന്റെ മൊത്തം ബജറ്റിനു തുല്യമാണ്.
നവാഗതനായ സംവിധായകനൊപ്പം ഇത്ര വലിയൊരു ചിത്രത്തില്‍ സഹകരിക്കാന്‍ തീരുമാനിക്കുന്നത് എന്ത് ധൈര്യത്തിന്റെ പുറത്താണെന്ന ചോദ്യത്തിനും ടൊവിനോ മറുപടി നല്‍കുന്നുണ്ട്.
‘2017 ല്‍ തീരുമാനിച്ച ചിത്രമാണ് എ.ആര്‍.എം. ജിതിന്‍ലാല്‍ സുഹൃത്താണ്. എന്നാല്‍, സൗഹൃദത്തിലുപരി ജിതിന്റെ ടാലന്റ് തന്നെയാണ് ഈ ചിത്രം തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം.
എന്റെ കരിയറില്‍ ഞാന്‍ അഭിനയിച്ചിട്ടുള്ള ഭൂരിഭാഗം ചിത്രങ്ങളും പുതുമുഖ സംവിധായകര്‍ക്കൊപ്പമാണ്. എന്നോടു കഥകള്‍ പറഞ്ഞതും എന്നെ വച്ചു ചിത്രങ്ങള്‍ ആലോചിച്ചതും പുതുമുഖങ്ങളായതിനാല്‍ സംഭവിച്ചതാണ്. അവയിലേറെയും നല്ല സിനിമകളായി എത്തിയിട്ടുണ്ട്’, ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas about why ARM Marketing and Criticism