രജിനികാന്ത് – മഞ്ജു വാര്യര്‍ എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യന്‍. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ടി.ജെ. ജ്ഞാനവേലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. സൂര്യന്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘വേട്ടയ്യന്റെ ലൊക്കേഷനില്‍ ഫണ്ണിയായ മൊമന്റ്‌സ് ഉണ്ടായിരുന്നോയെന്ന് ചോദിച്ചാല്‍, ഫണ്ണിയായിരുന്നില്ല എല്ലാം വളരെ സന്തോഷമുള്ള മൊമന്റുകളായിരുന്നുവെന്ന് വേണം പറയാന്‍. ഒരേ സമയം കംഫേര്‍ട്ടബിളും പോസിറ്റീവായ മൊമന്റുകളായിരുന്നു എനിക്ക് ആ ലൊക്കേഷനില്‍ നിന്ന് ലഭിച്ചത്. രജിനി സാറാണെങ്കില്‍ ഓരോ മൊമന്റുകളെയും വളരെ ഇമ്പോട്ടന്റായി കാണുന്ന ആളാണ്. ഷോട്ട് കഴിഞ്ഞാല്‍ ബ്രേക്കിന്റെ സമയത്ത് അദ്ദേഹം ഒരുപാട് തമാശകള്‍ പറയും.
പിന്നെ ഷൂട്ടിങ്ങിന്റെ ഇടയില്‍ എന്നെ സര്‍പ്രൈസ് ചെയ്ത ഒരു കാര്യമുണ്ടായിരുന്നു. രജിനി സാറിനോട് സംസാരിക്കുമ്പോള്‍ ഏത് വിഷയത്തെ കുറിച്ച് സംസാരിക്കണമെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് അദ്ദേഹത്തിന് എന്നെയൊരു വിഡ്ഢിയായി തോന്നരുതല്ലോ. ഞാന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞാല്‍ അയ്യോ ഇവര് എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് സാറിന് തോന്നാന്‍ പാടില്ല.
Also Read: മകളെയും ഡോക്ടറാക്കാന്‍ പപ്പ ആഗ്രഹിച്ചു; പക്ഷേ ആ സംഭവത്തോടെ മോഹം ഉപേക്ഷിച്ചു: മമിത ബൈജു
അദ്ദേഹത്തോട് ‘ഹായ് സാര്‍, സുഖമല്ലേ’യെന്നൊക്കെ പറഞ്ഞതല്ലാതെ ഇനിയെന്ത് പറയും എന്നോര്‍ത്ത് ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡായിരുന്നു. ആ സമയത്ത് സാര്‍ ഇങ്ങോട്ട് വന്ന് എന്നോട് സംസാരിച്ചു. ‘ഞാന്‍ അസുരന്‍ എന്ന സിനിമ കണ്ടു. അത് വളരെ നന്നായിരുന്നു. നിങ്ങള് ബൈക്ക് ഓടിക്കുമല്ലേ’ എന്നായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചത്. വളരെ അപ്‌ഡേറ്റഡായ മനുഷ്യനാണ് രജിനി സാര്‍. അത് എന്നെ ഏറെ അത്ഭുതപ്പെടുത്തി,’ മഞ്ജു വാര്യര്‍ പറയുന്നു.
Content Highlight: Manju Warrier Talks About Vettaiyan Movie And Rajinikanth