നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ വ്യക്തിയാണ് അനുശ്രീ. നടി അഭിനയിച്ച് ഏറ്റവും അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു കഥ ഇന്നുവരെ. മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുശ്രീയുടെ നായകനായി എത്തിയത് ഹക്കിം ഷാ ആയിരുന്നു. ഇപ്പോള്‍ റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹക്കിമിനെ കുറിച്ച് സംസാരിക്കുകയാണ് നടി.
‘ഞാന്‍ ആദ്യമായിട്ടായിരുന്നു ഹക്കിമിന്റെ കൂടെ ഒരു സിനിമ ചെയ്യുന്നത്. വിഷ്ണു ചേട്ടന്‍ ഈ സിനിമയുടെ കഥ ഫോണിലൂടെയാണ് എന്നോട് ആദ്യം പറയുന്നത്. പിന്നീടാണ് ഞങ്ങള്‍ പരസ്പരം കാണുന്നത്. ഈ സിനിമയുടെ കഥ പറയുന്നതിന്റെ ഒരു ആഴ്ച മുമ്പായിരുന്നു ഞാന്‍ പ്രണയവിലാസം എന്ന സിനിമ കണ്ടത്. എനിക്ക് അന്ന് ഹക്കിമിന്റെ പേര് അറിയില്ലായിരുന്നു.
ഈ നടന്‍ കൊള്ളാമല്ലോയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ഫേസ് എവിടെയൊക്കെയോ കണ്ടിട്ടുണ്ടെങ്കിലും പേര് അറിയില്ലായിരുന്നു എന്നതാണ് സത്യം. വിഷ്ണു ചേട്ടന്‍ കഥ പറഞ്ഞു തന്നപ്പോള്‍ ആരാണ് കൂടെ അഭിനയിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ഹക്കിമാണെന്ന് പറഞ്ഞതും ഹക്കിമോ അത് ആരാണെന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. പ്രണയവിലാസത്തില്‍ അവസാനം വരുന്ന താടിക്കാരനെന്ന് പറഞ്ഞതും എനിക്ക് സന്തോഷമായി.
‘ആഹ്, അടിപൊളി. ഞാന്‍ ആ സിനിമ കണ്ടിരുന്നു’ എന്ന് ഞാന്‍ പറഞ്ഞു. സത്യത്തില്‍ പ്രണയവിലാസം കണ്ട ശേഷം ഞാന്‍ കസിന്‍സിനോടും ഫ്രണ്ട്‌സിനോടും സിനിമയെ പറ്റി സംസാരിച്ചിരുന്നു. ആ ആക്ടറിനെ എനിക്ക് ഇഷ്ടമായി. നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. ഈ സിനിമയില്‍ ഹക്കിമിനൊപ്പം വളരെ നന്നായി തന്നെ അഭിനയിക്കാന്‍ പറ്റി. വളരെ കംഫേര്‍ട്ടബിളായി ഓരോ സീനും ചെയ്യാന്‍ തോന്നി,’ അനുശ്രീ പറഞ്ഞു.
ഒരു പ്രണയചിത്രമായി എത്തിയ കഥ ഇന്നുവരെയില്‍ നര്‍ത്തകി മേതില്‍ ദേവികയും ബിജു മേനോനുമാണ് പ്രധാനവേഷത്തില്‍ എത്തിയത്. മേതില്‍ ദേവികയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്.
Content Highlight: Anusree Talks About Hakkim Shah