പ്രയോജനമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന് സംവിധായകന്‍ പി. പത്മരാജന്‍ ഉപദേശിച്ചിരുന്നുവെന്ന് നടന്‍ അശോകന്‍. അത് ദോഷം ചെയ്യുമെന്ന് അദ്ദേഹം ആദ്യ കാലത്ത് തന്നെ പറഞ്ഞിരുന്നുവെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.
1979ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പി. പത്മരാജനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പത്മരാജന്‍ സാര്‍ എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരാളാണ്. നമ്മുടെ മനസ് തളര്‍ത്താതെ എന്‍കറേജ് ചെയ്യുന്ന ആള്‍ കൂടെയാണ് അദ്ദേഹം. ആ സമയത്ത് ചില സിനിമകളില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന അത്രയും പ്രാധാന്യം കിട്ടാത്ത അവസ്ഥ വരാറുണ്ടായിരുന്നു.
അങ്ങനെയുളളപ്പോള്‍ ‘കുഴപ്പമില്ല. എപ്പോഴെങ്കിലും വേറെ നല്ല പടം വരു’മെന്ന് പറഞ്ഞ് പത്മരാജന്‍ സാര്‍ എന്നെ സമാധാനിപ്പിച്ചിരുന്നു. എന്തെങ്കിലും പ്രശ്നം വന്നാല്‍ അതൊന്നും ശ്രദ്ധിക്കേണ്ടെന്നും സാര്‍ പറയാറുണ്ട്. എനിക്ക് ഒരുപാട് ഉപദേശങ്ങള്‍ നല്‍കിയിട്ടുള്ള ആളാണ് അദ്ദേഹം.
Also Read: സിനിമയുടെ പിന്നണിയിലെ ടെക്നിക്കുകൾ തുറന്ന് കാട്ടിയ ചിത്രമാണത്: ഭാവന
സത്യത്തില്‍ ഞാന്‍ അദ്ദേഹം പഠിപ്പിച്ച പാഠം ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. ഒരു സിനിമ ചെയ്യുമ്പോള്‍ പ്രൊഡ്യൂസറുമായി എങ്ങനെ സഹകരിക്കണമെന്നും പ്രൊഡ്യൂസര്‍ക്ക് അനാവശ്യമായിട്ട് ചിലവുണ്ടാക്കി കൊടുക്കരുതെന്നും പത്മരാജന്‍ സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആദ്യമായി എനിക്ക് ഈ കാര്യം പറഞ്ഞു തരുന്നത് അദ്ദേഹമാണ്.
അത്തരത്തില്‍ എനിക്ക് നല്ല ഉപദേശങ്ങള്‍ മാത്രം തന്നിട്ടുള്ള വ്യക്തിയാണ് സാര്‍. ഒപ്പം പ്രയോജനമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യരുതെന്നും സാര്‍ എനിക്ക് മുമ്പൊരിക്കല്‍ പറഞ്ഞു തന്നിട്ടുണ്ട്. അത് നിനക്ക് ദോഷം ചെയ്യുമെന്ന് ആദ്യ കാലത്ത് തന്നെ അദ്ദേഹം എന്നെ ഉപദേശിച്ചു,’ അശോകന്‍ പറഞ്ഞു.
Content Highlight: Actor Ashokan Talks About Director Pathmarajan